എന്താണ് നിപ വൈറസ്?ലക്ഷണങ്ങള്‍ എന്തെല്ലാം?

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ ജില്ല മാത്രമല്ല സംസ്ഥാനമാകെ ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ നിപ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതലറിയാം.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

ലക്ഷണങ്ങള്‍ എന്തൊക്കെ?

അണുബാധയുണ്ടായാല്‍ അഞ്ചു മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്.

രോഗ സ്ഥിരീകരണം…?

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍. (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →