കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: നിപ സ്ഥിരീകരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം ഇതുവരേയും വന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മനസിലാക്കുന്നത്. പരിശോധനാഫലം കാത്തിരിക്കുമ്പോള്‍ കൂടിയാലോചന നടത്തിയിട്ടാണല്ലോ ഇക്കാര്യം പരസ്യപ്പെടുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാഫലം വരുന്നതു വരെ കാത്തുനില്‍ക്കുക എന്നതാണ് പ്രധാനം. സാമ്പിളുകള്‍ സംസ്ഥാനത്ത് പരിശോധന നടത്തി നിപയാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രിക്ക് വേണമെങ്കില്‍ പറയാമായിരുന്നു. പക്ഷേ, പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിള്‍ അയച്ച്, അതിന്റെ നടപടിക്രമങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുന്ന നിലപാടാണ് സംസ്ഥാന ആരോഗ്യമന്ത്രി സ്ഥീകരിച്ചത്. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരോഗ്യമന്ത്രി വിളിച്ചപ്പോഴും റിസള്‍ട്ട് ആയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാഫലം കേന്ദ്ര ആരോഗ്യമന്ത്രി അറിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അദ്ദേഹം സംസ്ഥാന ആരോഗ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടാണല്ലോ പ്രഖ്യാപിക്കുന്നത്. നിപയാണെങ്കിലും അല്ലെങ്കിലും എല്ലാവിധ ജാഗ്രതയും പ്രതിരോധപ്രവര്‍ത്തനത്തിലും എല്ലാവരേയും യോജിപ്പിച്ച് പോകുക എന്നതാണ് പ്രധാനം-റിയാസ് കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം