മോൻസൻ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. 2023 സെപ്തംബർ 11 ന് രാവിലെ 11 മണിക്ക് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് കെ സുധാകരൻ ഹാജരാകും. അഞ്ചു വർഷത്തെ ബാങ്ക് ഇടപാടുകൾ ഹാജരാക്കാൻ നിർദേശം.
മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇത് അടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇഡി സുധാകരനെ ചോദ്യം ചെയ്യുക.
മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. നേരത്തെ ഒരുതവണ ഇഡി സുധാകരനെ ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.

