ന്യൂഡല്‍ഹി: ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ മുന്നോടിയായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച രാവിലെമുതല്‍ നിലവില്‍ വന്നതായി ഡല്‍ഹി പോലീസ്.
ഉച്ചകോടിയുടെ വേദിയും പ്രതിനിധികള്‍ക്കുള്ള ഹോട്ടലുകളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് മരുന്നുകള്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഉച്ചകോടി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ ഞായറാഴ്ച അര്‍ധരാത്രി വരെ ന്യൂഡല്‍ഹി ജില്ലയെ നിയന്ത്രിതമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ വാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നുണ്ടെങ്കിലും ആംബുലന്‍സുകളെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി പ്രദേശവാസികളെയും യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് പോലീസ് അറിയിച്ചു. 50,000ത്തിലധികം ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡുകളും അടങ്ങുന്ന സംഘം സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
ചരക്ക് വാഹനങ്ങള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ എന്നിവക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പരമാവധി മെട്രോ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാ ഗേറ്റും പരിസരവും നിയന്ത്രിത മേഖലയിലായതിനാല്‍ നടക്കാനോ സൈക്കിള്‍ ചവിട്ടാനോ വേണ്ടി ഈ പ്രദേശം ഉപയോഗിക്കരുതെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ (ട്രാഫിക്) എസ്.എസ്. യാദവ് പറഞ്ഞു. തപാല്‍, മെഡിക്കല്‍ സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ പാത്തോളജിക്കല്‍ ലാബുകളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണവും ഡല്‍ഹിയിലുടനീളം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഗതാഗതനിയന്ത്രണം
