ഫെഡറല്‍ ബാങ്കിന്റെ പഴയങ്ങാടി ശാഖയില്‍നിന്ന് സ്വര്‍ണം പൂശിയ മുക്കുപണ്ടം പണയം വെച്ച് 13.82 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.കടന്നപ്പള്ളി ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെ (37)തിരെയാണ് ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖ സീനിയര്‍ മാനേജര്‍ വി. ഹരിയുടെ പരാതിയില്‍ കേസെടുത്തത്. 2022 ഒക്ടോബര്‍ മുതല്‍ വിവിധ തീയതികളിലായാണ് മാല, വള തുടങ്ങിയ സ്വര്‍ണം പൂശിയ 330.06 ഗ്രാം മുക്കുപണ്ട ആഭരണങ്ങള്‍ സ്വര്‍ണമാണെന്ന വ്യാജേന പണയപ്പെടുത്തി ഫെഡറല്‍ ബാങ്കില്‍നിന്ന് യുവാവ് പണം തട്ടിയത്.
ആദ്യ പണയത്തിന്റെ കടം കാലാവധി ഏപ്രിലില്‍ അവസാനിച്ചതോടെ ബാങ്ക് നോട്ടിസ് നല്‍കിയെങ്കിലും പണ്ടം തിരിച്ചെടുക്കാതെ യുവാവ് മുങ്ങുകയായിരുന്നു. ലേല നടപടികള്‍ക്ക് മുന്നോടിയായി നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇയാള്‍ ബാങ്കില്‍ പണയപ്പെടുത്തിയത് മുഴുവനും മുക്കുപണ്ടങ്ങളാണെന്ന് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, പഴയങ്ങാടി സി.ഐ ടി.എൻ. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഹമ്മദ് റിഫാസിനെ കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണത്തിലാണ് പൊലീസ്. റിയല്‍ എസ്റ്റേറ്റ്, വാഹന ഇടപാട് എന്നിവയിലൂടെ നിരവധി സാമ്ബത്തിക തട്ടിപ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന

