കഴിഞ്ഞ മുപ്പതുവർഷത്തിനുള്ളിൽ കാൻസർ നിരക്കിൽ വൻകുതിപ്പുണ്ടായതായി പഠനം. .ആഗോളതലത്തിൽ അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ സ്ഥിരീകരണനിരക്ക് 80% കൂടി. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയിലെയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2019-ലെ കണക്കുകൾ പ്രകാരം അമ്പതിനു താഴെ കാൻസർ ബാധിക്കുന്നവരുടെ എണ്ണം മുപ്പതുവർഷത്തിനിടെ 1.82 ദശലക്ഷത്തിൽ നിന്ന് 3.26 ദശലക്ഷമായെന്ന് പഠനം പറയുന്നു. ബി.എം.ജെ. ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
204 രാജ്യങ്ങളിൽ നിന്നായി 29-ഓളം വിവിധ കാൻസറുകളെ ആധാരമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇതിൽ നിന്നും സ്തനാർബുദ നിരക്കിലാണ് കൂടുതൽ വർധനവുണ്ടായിരിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. മരണനിരക്കും ഈ വിഭാഗം കാൻസറിൽ കൂടുതലാണെന്ന് കണ്ടെത്തുകയുണ്ടായി.
.കാൻസർ നിരക്കുകളുടെ വർധനവിൽ ജനിതക ഘടകങ്ങൾ പ്രധാന കാരണമായി നിലനിൽക്കുന്നുണ്ടെങ്കിലും റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിതോപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗക്കുറവുമൊക്കെ കാരണങ്ങളാണെന്ന് ഗവേഷകർ പറയുന്നു.വ്യായാമക്കുറവും അമിതവണ്ണവും പ്രമേഹവുമെല്ലാം ഇവയുടെ ആക്കം കൂട്ടുന്നുണ്ടെന്നും ഗവേഷകർ വ്യക്തമാക്കി. അമ്പതു വയസ്സിനു താഴെ കാൻസർ ബാധിക്കുന്നവരിൽ ആരോഗ്യം ക്ഷയിക്കുകയും മരണപ്പെടുകയും ചെയ്യുന്നവരുടെ നിരക്ക് പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണെന്നും പഠനത്തിൽ പറയുന്നു..
ആരോഗ്യകരമായ ജീവിതരീതി പിന്തുടരുകയും പോഷകപൂർണമായ ഡയറ്റ് തുടരുകയും ലഹരിയോട് വിടപറയുകയും വ്യായാമത്തിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയുമൊക്കെ ചെയ്യുന്നതിലൂടെ കാൻസർ സാധ്യത കുറച്ചേക്കാമെന്നും പഠനത്തിലുണ്ട്. കഴിഞ്ഞ മുപ്പതുവർഷക്കാലത്തെ കണക്കുകളുടെ ആധാരത്തിൽ 2030 ആകുമ്പോഴേക്കും അമ്പതു വയസ്സിനു താഴെ പ്രായമുള്ളവരിലെ കാൻസർ ബാധയും മരണനിരക്കും യഥാക്രമം 31%വും21%വും ആയിത്തീരുമെന്നും ഗവേഷകർ പറയുന്നുണ്ട്.

