കൊല്ലം: കൊല്ലത്ത് എക്സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി മൂന്നുപേർ പിടിയിലായി . മയ്യനാട് പിണയ്ക്കൽചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീർ ഹുസൈൻ, വടക്കേവിള സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. . സജാദിൽ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീർ ഹുസൈനിൽ നിന്ന് രണ്ടു ഗ്രാം എംഡിഎംഎയും പിടികൂടി. സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്ന് എക്സൈസ് അറിയിച്ചു.
.പെരുമ്പാവൂരിൽ പൊലീസ് നടത്തിയ ലഹരിമരുന്നു വേട്ടയിൽ വൻതോതിൽ നിരോധിത പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തു. സംഭവത്തിൽ അതിഥി തൊഴിലാളികളെ പ്രതി ചേർത്ത് പത്ത് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങൾ വിറ്റ വകയിൽ ലഭിച്ച 23,000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രാസ ലഹരി കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഇതിനിടെ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശി വിജയ ഗമാൻഗയെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. വിജയയുടെ സുഹൃത്തിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

