ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു

.ആലപ്പുഴയിൽ എയർ ഗൺ കൊണ്ട് വെടിയേറ്റയാൾ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്.2023 ഓ​ഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് എയർഗൺ കൊണ്ടുള്ള വെടിയേറ്റത്. സോമൻ സി.പി.എം. പ്രവർത്തകനാണ്. സംഭവത്തിൽ വിമുക്തഭടൻ കുറവന്തറ പ്രസാദി(50) നെ പ്രതിയാക്കി പോലീസ് കേസെടുത്തു.

.നെഞ്ചിലും പുറത്തും വെടിയേറ്റ നിലയിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ച സോമനെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടിയന്തര ശസ്ത്രക്രിയ നടത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി എട്ടരയോടെ മരിച്ചു. എയർഗൺ ആണെങ്കിലും വളരെ അടുത്തുനിന്ന് വെടിവെച്ചതിനാലാണ് മരണത്തിനിടയാക്കുംവിധം പരിക്കേറ്റതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.

ഇരുകൂട്ടരുടെയും വീടുകൾ അടുത്തടുത്താണ്. പ്രസാദും സഹോദരൻ ഹരിദാസനും നേരത്തേ മുതൽ സോമനുമായി തർക്കമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടായതായും പറയുന്നു. പരസ്പരം വീടുകയറി ആക്രമിച്ചതായും പരാതിയുണ്ട്. ഇതിന്റെ തുടർച്ചയായി തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തർക്കത്തിനിടെയാണ് പ്രതി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിനുശേഷം ഓടിപ്പോയ പ്രതിയെ കണ്ടെത്താൻ പോലീസ് രാത്രിയിലും തിരച്ചിൽ നടത്തി. മരിച്ച സോമൻ മുൻപ് വിദേശത്തായിരുന്നു. പിന്നീട് നാട്ടിലെത്തി ചെറിയ ജോലികൾ ചെയ്താണ് ജീവിച്ചുവന്നത്. സുമതിയാണു ഭാര്യ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →