ആറ്റിങ്ങൽ: മാതാവിനോട് സൗഹൃദം സ്ഥാപിച്ച് മകളെ പീഡിപ്പിച്ച സംഭവത്തിൽ പുനരന്വേഷണത്തിനൊടുവിൽ പ്രതിയെ ശിക്ഷിച്ചു. ചാന്നാങ്കര സ്വദേശി ബുഹാരി എന്ന അബ്ദുൽ ബാരിയെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (പോക്സോ) ജഡ്ജ് റോഷൻ തോമസ് ശിക്ഷിച്ചത്.മാതാവിനോട് അടുപ്പം സ്ഥാപിച്ചശേഷം പതിനാറുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന കുറ്റത്തിനാണ് പ്രതിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഹൃദ്രോഗത്തിന് ചികിത്സതേടി വന്നിരുന്ന പെൺകുട്ടി മാതാവിന്റെ അപകട മരണശേഷമാണ് പ്രതിയുടെ ലൈംഗിക അതിക്രമത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം ഡോക്ടറോട് പറയുന്നത്. തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്
കേസിൽ ബയോളജിക്കൽ സാമ്പിൾ യഥാസമയം ഏറ്റുവാങ്ങി ശാസ്ത്രീയ പരിശോധനക്ക് ഹാജരാക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയിരുന്നു. വിചാരണ നടന്നുവന്ന കേസിൽ ചികിത്സാ രേഖകളുടെയും ഡോക്ടറുടെ മൊഴിയുടെയും അസാന്നിധ്യം പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നശേഷം, വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തേണ്ടിവന്നു. അന്വേഷണവേളയിൽ വരുത്തിയ ഈ വീഴ്ച ഗുരുതരമാണെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പുനരന്വേഷണത്തിൽ ഹാജരാക്കപ്പെട്ട ചികിത്സാ രേഖകളുടെയും സാക്ഷിമൊഴികളുടെയും കൂടി അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്

