യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവം, യുവതി മരിച്ച സംഭവത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍

ചെന്നൈ: യൂട്യൂബ് നോക്കി വീട്ടിൽ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടർന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തിൽ ഭർത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് ലോകനായകി വീട്ടിൽ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭർത്താവ് മുൻകൈയെടുത്ത് വീട്ടിൽ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാൽ, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ യുവതി മരിച്ചിരുന്നതായാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് മെഡിക്കൽ ഓഫീസർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

യൂട്യൂബ് നോക്കിയാണ് മദേഷ് വീട്ടിൽ പ്രസവമെടുക്കുന്നരീതി മനസിലാക്കിയതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. വീട്ടിൽ പ്രസവമെടുക്കുന്ന വീഡിയോകൾ ഇയാൾ യൂട്യൂബിൽ നിരന്തരം കണ്ടിരുന്നതായി അയൽക്കാരും മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് മദേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കുറ്റങ്ങൾ സ്ഥിരീകരിച്ചാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ദമ്പതിമാരുടെ കുഞ്ഞ് പോച്ചാംപള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →