ബസ് ജീവനക്കാരുടെ 500 രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് കുത്തേറ്റു.

കോഴിക്കോട്: കിനാലൂരിൽ 500 രൂപ കടം വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് സ്വകാര്യ ബസ് ജീവനക്കാർക്ക് കുത്തേറ്റു. തലയാട് സ്വദേശി സിജിത്ത്, എകരൂൽ സ്വദേശി സിജാദ് എന്നിവർക്കാണ് കുത്തേറ്റത്. 2023 ഓ​ഗസ്റ്റ് 21 ഞായറാഴ്ച രാത്രി 11.30 നാണ് സംഭവം

സ്വകാര്യ ബസിലെ ക്ലീനറായ സജിൽ എന്നയാൾ കടമായി വാങ്ങിയ 500 രൂപ തിരികെ ആവശ്യപ്പെട്ട് സുഹൃത്ത് മനീഷിന്റെ ഫോൺ കോൾ വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതർക്കത്തിലേക്ക് നീങ്ങി. രാത്രി പത്തരയോടെ സജിലുൾപ്പെടെയുള്ള ബസ് ജീവനക്കാർ വിശ്രമിച്ചിരുന്ന ഏഴുകണ്ടിയിലേക്ക് പണം ആവശ്യപ്പെട്ട് മനീഷും സുഹൃത്തുക്കളുമെത്തി. തുടർന്ന് ഇരു കൂട്ടരും തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് ബസ് ഡ്രൈവറായ സിജിത്തിനും, കണ്ടക്ടർ സിജാദിനും കുത്തേറ്റത്. സംഭവത്തിന് പിന്നാലെ സജിൽ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

വിവരം അറിഞ്ഞ് ഓടി കൂടിയ നാട്ടുകാരാണ് കുത്തേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിജിത്തിന് നെഞ്ചിലും സിജാദിന് വയറിലുമാണ് കുത്തേറ്റത്. സംഭവത്തിൽ കരുമല കുന്നുമ്മൽ ബബിജിത്ത്, കൈതച്ചാലിൽ കെസി മനീഷ്, കരുമല പാറച്ചാലിൽ പിസി ശരത് ലാൽ എന്നിവരെ ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →