സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹൃദ്രോഗി ‘കുഴഞ്ഞുവീണിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് ഭാര്യ ജസീന

പത്തനംതിട്ട: കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാളെ പത്തനംതിട്ട എസ്‌ഐ അനൂപ് ചന്ദ്രൻ മർദ്ദിച്ചെന്ന് പരാതി. മേലേവെട്ടിപ്പുറം സ്വദേശി അയൂബ് ഖാനെ എസ്‌ഐ മർദ്ദിച്ചെന്നാണ് പരാതി. ഹൃദ്രോഗി കൂടിയായ അയൂബ് സ്റ്റേഷനിൽ കുഴഞ്ഞുവീണിട്ടും പൊലീസുകാർ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് അയൂബ് ഖാനെ കഴിഞ്ഞദിവസം രാത്രി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെ കസേരയിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ എസ്‌ഐ അയൂബിനെ മർദ്ദിക്കുകയായിരുന്നുവെന്ന് ഭാര്യ ജസീന പറയുന്നു. അയൂബിനെ എസ്‌ഐ കോളറിൽ പിടിച്ച് തള്ളുകയായിരുന്നെന്നും രോഗിയാണെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്ന് ജസീന പറഞ്ഞു. അയൂബ് സ്റ്റേഷനിൽ കുഴഞ്ഞുവീണിട്ട് പൊലീസുകാർ തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. നിലവിൽ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അയൂബ് ഖാൻ.

അതേസമയം, അയൂബിന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. മൊഴിയെടുക്കാനാണ് അയൂബിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും എസ്‌ഐ മർദ്ദിച്ചെന്ന പരാതി കളവാണെന്നും പത്തനംതിട്ട എസ്എച്ച്ഒ വ്യക്തമാക്കി. എന്നാൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് അയൂബ് ഖാന്റെ കുടുംബം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →