പുതുപ്പള്ളിയിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേടെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ ക്രമക്കേടെന്ന ആരോപണവുമായി യുഡിഎഫ്. അർഹരായ പലരേയും വോട്ടേഴ്‌സ് പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആരോപിച്ചു. ചാണ്ടി ഉമ്മൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീൽ നോട്ടീസ് അയച്ചു.

2023 ഓഗസ്റ്റ്10ന് ശേഷമുള്ള അപേക്ഷകരിൽ പലരേയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നാണ് ചാണ്ടി ഉമ്മന്റെ ആരോപണം. അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുനപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമപരമായി നേരിടുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

അതേസമയം പുതുപ്പള്ളി കടുത്ത തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. വരാനിരിക്കുന്ന അവധി ദിവസങ്ങൾ കണക്കിലെടുത്ത് പരമാവധി വോട്ടർമാരിലേക്ക് ഓടിയെത്താനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. ആദ്യഘട്ട പ്രചരണത്തിൽ മുൻതൂക്കം അവകാശപ്പെടുന്ന യു ഡി എഫ് ഓ​ഗസ്റ്റ് 21 മുതൽ വാഹന പര്യടനവും ആരംഭിച്ചു. പാമ്പാടിയിലെ പത്താഴക്കുഴിയിൽ നിന്നാണ് ചാണ്ടി ഉമ്മന്റെ പര്യടനം തുടങ്ങിയത്. ഉമ്മൻചാണ്ടിയുടെ പ്രചരണവും ഇവിടെ നിന്നാണ് ആരംഭിച്ചിരുന്നത്. തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് യുഡിഎഫ് ക്യാമ്പ്.

പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പ്രചരണത്തിലാണ് ഇടതു സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. മീനടം, വാകത്താനം പഞ്ചായത്തുകളിലാണ് നിലവിൽ പ്രചരണം. മുഖ്യമന്ത്രി കൂടി ലാൻഡ് ചെയ്യുന്നതോടെ ഇടതു പ്രചരണം അടുത്തഘട്ടത്തിലേക്ക് കടക്കും. ഇപ്പോഴും ഭവന സന്ദർശനങ്ങളിലാണ് എൻഡിഎ ക്യാമ്പ്. മണ്ഡലത്തിലെ മണ്ണ് ബിജെപിക്ക് അനുകൂലമെന്ന് സ്ഥാനാർത്ഥി ലിജിൻ ലാൽ പ്രതികരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →