മലപ്പുറം : മലപ്പുറം തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുവൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരൻ വിഷ്ണുവിന്റെ വീട്ട് വളപ്പിലെ കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുവ്വൂർ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂർ സ്വദേശിനി സുജിതയെ 2023 ഓഗസ്റ്റ് 11 മുതൽ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. വിഷ്ണു നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
വീട്ടുവളപ്പിൽ മെറ്റലിറക്കിയ ഭാഗത്ത് മെറ്റൽ നീക്കി കുഴിയെടുത്തെന്ന് സംശയം തോന്നിയ ഭാഗത്താണ് മൃതദേഹമുള്ളതായി കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

