കോട്ടയം: വൈദ്യുതി ലൈനിനോട് ചേർന്നു നിൽക്കുന്ന ടച്ചിംഗ് വെട്ടുന്നതിനിടെ വാഴക്കൈ മുറിച്ചതിൽ പ്രതിഷേധിച്ച് കർഷകൻ കെഎസ്ഇബി ഓഫീസിന് മുന്നിലെ മരത്തൈകൾ വെട്ടി നശിപ്പിച്ചു. അയ്മനം കെഎസ്ഇബി ഓഫീസിനു മുന്നിൽ നിന്ന മൂന്ന് മാവിൻ തൈകളും ഒരു പ്ലാവിൻ തൈയുമാണ് കരിപ്പൂത്തട്ട് സ്വദേശി സേവ്യർ വെട്ടി നശിപ്പിച്ചത്. കെഎസ്ഇബിക്കാരുടെ ശല്യം സഹിക്ക വയ്യാതെയാണ് മരത്തൈകൾ മുറിച്ചതെന്നാണ് കർഷകന്റെ വിശദീകരണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം,
ഒന്നര ആഴ്ച മുൻപാണ് ടച്ചിംഗ് വെട്ടുന്നതിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാർ സേവ്യറിന്റെ വീട്ടു പരിസരത്തെത്തിയത്. ഈ സമയം സേവ്യർ വീട്ടിൽ ഉണ്ടായിരുന്നില്ല. ലൈനിൽ മുട്ടുന്ന തരത്തിൽ നിന്ന എട്ടു വാഴക്കൈകളും ഏതാനും ഓല മടലുകളും അന്ന് കെഎസ്ഇബി ജീവനക്കാർ വെട്ടിമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സേവ്യർ അയ്മനം കെഎസ്ഇബി ഓഫീസിലെത്തി മാവിൻ തൈകളും പ്ലാവിൻ തൈകളും വെട്ടിയത്.
ഒന്നര വർഷം മുമ്പ് ഓഫീസ് ഉദ്ഘാടന സമയത് അതിഥികളായി എത്തിയവർ നട്ട തൈകളാണ് സേവ്യർ വെട്ടിയത്. എന്നാൽ ഗതികെട്ടായിരുന്നു തന്റെ പ്രതിഷേധമെന്ന് സേവ്യർ പറയുന്നു. മുമ്പും ടച്ചിംഗ് വെട്ടുന്നു എന്ന പേരിൽ തന്റെ വീട്ടിലെ കാർഷിക വിളകൾ കെഎസ്ഇബിക്കാർ വെട്ടിയിട്ടുണ്ടെന്നും സേവ്യർ പറഞ്ഞു. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയിൽ സേവ്യറിനെതിരെ പൊതുമുതൽ നശീകരണത്തിന് കുമരകം പൊലീസ് കേസെടുത്തു.

