കവി സച്ചിദാനന്ദന്‍ പ്രകടിപ്പിച്ചത് കേരള ജനതയുടെ സാമാന്യ വികാരം: വി.ഡി. സതീശൻ

കോട്ടയം: മൂന്നാം വട്ടവും സിപിഎം അധികാരത്തിലെത്താതിരിക്കാന്‍ സഖാക്കള്‍ പ്രര്‍ഥിക്കണമെന്ന സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദന്റെ പ്രസ്താവന സമൂഹത്തെയും ഭരണകൂടത്തെയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

അദ്ദേഹം ഒരു കവിയും എഴുത്തുകാരനുമൊക്കെ ആയതുകൊണ്ട് ഹൃദയത്തില്‍ തട്ടി പറഞ്ഞ വാക്കുകളാണിത്. ഇതാണ് കേരളത്തിലെ മുഴിവന്‍ ജനങ്ങളും പറയുന്നത്. ഈ സര്‍ക്കാരാണ് ഇവിടെ തുടരാന്‍ പോകുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി? കേരള ജനതയുടെ മനസാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും സതീശൻ പ്രതികരിച്ചു.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനൊപ്പവും ഉറച്ച് നില്‍ക്കുന്ന നേതാവാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന് ഒരു അതൃപ്തിയുമില്ല. ശശി തരൂര്‍ വരും, വരില്ല എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ കുറെ വാര്‍ത്ത നല്‍കി. ശശി തരൂര്‍ വന്നപ്പോള്‍ ആ വാര്‍ത്ത പോയി. നിങ്ങള്‍ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെയായി. ശശി തരൂര്‍ വന്നില്ലായിരുന്നെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പറഞ്ഞേനെ. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളെ നിയമിക്കാനുള്ള അവകാശമെങ്കിലും ദേശീയ നേതൃത്വത്തിന് നല്‍കണമെന്നും സതീശൻ പാമ്പാടിയിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, താൻ തമാശരൂപേണ പറഞ്ഞ കാര്യം, അഭിമുഖം ചെയ്ത മാധ്യമം വളച്ചൊടിച്ചതാണെന്ന് സച്ചിദാനന്ദൻ പിന്നീട് വിശദീകരിച്ചിരുന്നു. ഇനി രാഷ്ട്രീയ അഭിമുഖങ്ങൾ നൽകില്ലെന്നും, പറയാനുള്ളത് ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാത്രം പറയാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →