യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ.

ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനം നിലവിൽ വന്നതോടെ ഇന്ത്യയും യുഎഇയും തമ്മിൽ രൂപയിലും ദിർഹത്തിലും ഉഭയകക്ഷി വ്യാപാരം സാധ്യമായിരിക്കുന്നു. നിലവിൽ ഇന്ത്യയാണ് യുഎഇയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി. എൽ സി എസ് സംവിധാനം നിലവിൽ വന്നതോടെ ഇത് ഇനിയും വർധിക്കാനാണ് സാധ്യത.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-ന്, ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ഖുർജ് ഖലീഫ ത്രിവർണപതാകയുടെ നിറങ്ങളിൽ പ്രകാശിച്ചപ്പോൾ ഇന്ത്യ- യു എ ഇ ബന്ധങ്ങളുടെ ഊഷ്മളത പുതിയൊരു തലത്തിലേക്ക് ഉയരുകയായിരുന്നു. 35 ലക്ഷത്തോളം വരുന്ന യു എ ഇ-യിലെ ഇന്ത്യക്കാരുടെ മനസ്സിൽ അഭിമാനത്തിന്റെ പൂത്തിരി കത്തിയ നിമിഷമായിരുന്നു അത്.

ഇന്ത്യയും യു എ ഇ-യും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 85 ബില്യൺ ഡോളറിലേക്ക് വളർന്ന വർഷമായിരുന്നു 2022. യു എ ഇ-യുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ അതോടെ മാറി.2023 ഫെബ്രുവരിയിൽ ഇതാദ്യമായി ഒരു രാജ്യവുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സി ഇ പി എ) യു എ ഇ ഒപ്പുവച്ചതും ഇന്ത്യയുമായിട്ടായിരുന്നു. ഈ കരാർ നിലവിൽ വന്നതോടെ ഉഭയകക്ഷി വ്യാപാരം ഏതാണ്ട് പതിനഞ്ച് ശതമാനത്തോളം വർധിക്കുകയും ചെയ്തു. ഇന്ത്യയും യു എ ഇ-യുമായുള്ള ഉഭയകക്ഷി വ്യാപരത്തിൽ പെട്രോളിയവും പെട്രോളിയം ഉൽപന്നങ്ങളും ഗണ്യമായ പങ്കാണ് വഹിക്കുന്നത്. കഴിഞ്ഞ വർഷം യു എ ഇ-യുമായി ഇന്ത്യ നടത്തിയ മൊത്തം വ്യാപാരത്തിന്റെ 42 ശതമാനത്തോളവും പെട്രോളിയത്തിൽ നിന്നുമായിരുന്നു- മൊത്തം 35.1 ബില്യൺ ഡോളറിന്റെ കയറ്റുമതി! ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ യു എ ഇ നാലാം സ്ഥാനത്തും എൽ പി ജിയുടേയും എൽ എൻ ജിയുടെയും കാര്യത്തിൽ രണ്ടാം സ്ഥാനത്തുമാണുള്ളത്.

85 ലക്ഷം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ നിലവിൽ തൊഴിലെടുത്തുവരുന്നത്. അതിൽ ഏതാണ്ട് 24 ലക്ഷത്തോളം പേർ മലയാളികളാണ്. യു എ ഇ-യിൽ മാത്രം ഏതാണ്ട് പത്തു ലക്ഷത്തോളം മലയാളികൾ തൊഴിലെടുക്കുന്നുണ്ട്. യു എ ഇ-യുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുന്നത് നരേന്ദ്ര മോദി പ്രധാനമന്ത്രിപദത്തിലെത്തുന്നതോടെയാണ്. 34 വർഷത്തിനിടെ യു എ ഇ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഈ സന്ദർശനത്തെ തുടർന്നാണ് 2016-ൽ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ചതും 2017-ൽ നഹ്യാൻ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മോദിയാകട്ടെ അഞ്ചു തവണയാണ് യു എ ഇ സന്ദർശിച്ചത്. അതിൽ ഏറ്റവുമൊടുവിലെ സന്ദർശനം നടന്നത് 2023 ജൂലൈ 15-നായിരുന്നു. ഈ സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശിക കറൻസികളിൽ വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള ലോക്കൽ കറൻസി സെറ്റിൽമെന്റ് സംവിധാനത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ പേയ്മെന്റും സന്ദേശമയക്കൽ സംവിധാനങ്ങളും പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യൻ രൂപയിലും യു എ ഇ ദിർഹത്തിലും പരസ്പരം വ്യാപാരം നടത്താൻ സാധിക്കുമെന്നതാണ് കരാറിനെ ആകർഷകമാക്കിയത്. പ്രാദേശിക കറൻസി സെറ്റിൽമെന്റ് സംവിധാനം വികസിപ്പിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ പ്രതിഫലമാണെന്ന് മോദിയും നഹ്യാനും നടത്തിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.

അതിവേഗമാണ് ഈ എൽ സി എസ് കരാർ യാഥാർത്ഥ്യമായത്. യു എ ഇ-യിലെ പ്രമുഖ കയറ്റുമതിക്കാരായ പീക്കേ ഇന്റർമാർക്കിൽ നിന്നും 25 കിലോഗ്രാം സ്വർണം 12.84 കോടി രൂപയ്ക്ക് യെസ് ബാങ്കിന് കൈമാറ്റം ചെയ്തുകൊണ്ടാണ് ലോക്കൽ കറൻസി സെറ്റിൽമെന്റ് അഥവാ എൽ സി എസ് സംവിധാനത്തിന് തുടക്കമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനാലിന് ക്രൂഡ് ഓയിൽ കൈമാറ്റവും ആദ്യമായി എൽ സി എസ് സംവിധാനത്തിലൂടെ നടന്നു. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യൻ രൂപയിലും യു എ ഇ ദിർഹത്തിലുമായി വ്യാപാരം നടത്തിയത്.

അബുദാബി നാഷണൽ ഓയിൽ കമ്പനിയും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും തമ്മിലായിരുന്നു ആദ്യ എൽ സി എസ് ക്രൂഡ് ഓയിൽ കൈമാറ്റം. ഇടപാടുകളിലെ മിച്ചമുള്ള പ്രാദേശിക കറൻസി കോർപ്പറേറ്റ് ബോണ്ടുകളിലും സർക്കാർ സെക്യൂരിറ്റികളിലും ഇക്വിറ്റി മാർക്കറ്റുകളിലും മറ്റ് ആസ്തികളിലും നിക്ഷേപിക്കാൻ ഇത് അവസരമൊരുക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം എൽ സി എസ് സംവിധാനത്തിന്റെ വരവ് വലിയൊരു നേട്ടം തന്നെയാണ്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇന്ത്യയ്ക്ക് അനുകൂലഘടകമായി ഇത് വർത്തിക്കും. മാത്രവുമല്ല ഡോളറിനെ ആശ്രയിക്കാതെ, പ്രാദേശിക കറൻസികൾ ഉപയോഗിക്കുന്നത് കൈമാറ്റ സമയവും അധിക ചെലവുകളും കുറയ്ക്കും. ഇന്ത്യയുടെ വിദേശ കറൻസി റിസർവ് മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കുകയും ചെയ്യും.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധത്തിൽ യു എ ഇയ്ക്ക് നിർണായകമായ സ്ഥാനമാണുള്ളത്. എഴുപതുകളുടെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ചും കേരളത്തിൽ നിന്നും ഗൾഫ് നാടുകളിലേക്കുള്ള പ്രയാണം ശക്തിപ്പെടാൻ തുടങ്ങിയിരുന്നു. പട്ടിണിയും പരിവട്ടമുള്ള കുടുംബങ്ങളിൽപ്പെട്ടവരായിരുന്നു സൗഭാഗ്യങ്ങൾ തേടി ആദ്യകാലത്ത് പത്തേമാരികളിൽ കയറി ഗൾഫ് നാടുകളിലേക്ക് യാത്ര ചെയ്തത്. എണ്ണ വിൽപനയിലൂടെ ഗൾഫ് രാജ്യങ്ങൾ കൂടുതൽ സമ്പന്നതയിലേക്ക് വളർന്നതോടെ, പ്രവാസികൾ അയക്കുന്ന പണത്താൽ കേരളവും സമൃദ്ധിയിലേക്ക് നീങ്ങി. ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലമായാണ് കേരളം ഒരു ഉപഭോക്തൃസംസ്ഥാനമായി പരിണമിച്ചത്.

ലോക്കൽ കറൻസി സെറ്റിൽമെന്റിന്റെ വരവോടെ ഇന്ത്യയും യു എ ഇ-യുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഇതിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഊഷ്മളമായി വളരുന്ന ഈ ബന്ധത്തിന്റെ കഥ. മുൻകാലങ്ങളിൽ നി്ന്നും വ്യത്യസ്തമായി ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ട് യു എ ഇ. 2021-2022 കാലയളവിൽ ഇന്ത്യയിലെ നിക്ഷേപത്തിന്റെ കാര്യത്തിൽ യു എ ഇ ഏഴാം സ്ഥാനത്തായിരുന്നുവെങ്കിൽ 2022-23 കാലയളവിൽ അവർ നാലാം സ്ഥാനത്തെത്തി. വരുന്ന ഏതാനും മാസങ്ങൾക്കുള്ളിൽ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് സിറ്റിയിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാനിരിക്കുകയാണ്.

അബുദാബിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥാപിക്കാനുള്ള തീരുമാനത്തിലും ധാരണയായിട്ടുണ്ട്. 2024 ജനുവരിയോടെ ഐഐടി പ്രവർത്തനക്ഷമമാകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനുപുറമേ ഹരിത ഹൈഡ്രജൻ, സൗരോർജ്ജം എന്നിവയിൽ ഇരു രാജ്യങ്ങളും തങ്ങളുടെ സഹകരണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇന്ത്യയും യു എ ഇയും തമ്മിലുള്ള വ്യാപാരത്തിൽ എൽ സി എസ് സംവിധാനത്തിന്റെ വരവ് അമേരിക്കയ്ക്ക് അത്ര ദഹിച്ചിട്ടില്ല. ആഗോളതലത്തിലുള്ള എണ്ണ വ്യാപാരം പ്രധാനമായും ഡോളറുകളിലാണ് ഇതുവരെ നടത്തിവന്നിരുന്നത്. 1974-ൽ നിക്സൺ ഭരണകൂടവുമായി സൗദി ഭരണകൂടമുണ്ടാക്കിയ ഒരു കരാർ പ്രകാരമായിരുന്നു അത്. എല്ലാ രാജ്യങ്ങൾക്കും എണ്ണ വാങ്ങാൻ ഡോളർ ആവശ്യമാണെന്നതിനാൽ സുസ്ഥിരമായ ആവശ്യകത ഡോളറിന് ഉറപ്പാക്കപ്പെട്ടിരുന്നു.

പ്രാദേശിക കറൻസിയിൽ ഇന്ത്യയും യു എ ഇ-യും വ്യാപാരം നടത്താൻ തീരുമാനിച്ചത് ഡോളറിന്റെ ആധിപത്യം കുറയ്ക്കുന്നതിനുള്ള ഡീ-ഡോളറൈസേഷൻ നീക്കമാണന്നാണ് അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങൾ അമേരിക്കൻ ഉപരോധങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി ഡോളർ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനിടെയാണ് ഇന്ത്യയും യു എ ഇയും ആ മാർഗം സ്വീകരിച്ചിരിക്കുന്നത്. സൗദി അറേബ്യ എണ്ണ വ്യാപാരകാര്യത്തിൽ ഡോളറിനെ തഴയുകയാണെങ്കിൽ മറ്റു പല രാജ്യങ്ങളും അതേ വഴി പിന്തുടരാനും സാധ്യതയുണ്ട്.
ചുരുക്കത്തിൽ, ഡോളറിന്റെ ആവശ്യകത ഗണ്യമായി കുറയുകയാണെങ്കിൽ അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ പലിശനിരക്ക് കുതിച്ചുയരും. 32 ട്രില്യൺ ഡോളറോളം കടബാധ്യതയുള്ള ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാകാത്ത സാഹചര്യമാകും സൃഷ്ടിക്കുക. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ തകർച്ചയ്ക്കുപോലും അതിടയാക്കും..

ലോകം ഡോളറിനെ തള്ളുന്നതിന്റെ വക്കിലല്ലെങ്കിലും പെട്രോഡോളറിന് മറ്റ് കറൻസികളിൽ നിന്നുള്ള മത്സരം കടുക്കാനുള്ള സാധ്യതകളാണ് എൽ സി എസ് സംവിധാനത്തിന്റെ വരവോടെ വ്യക്തമാക്കുന്നത്. ‘ഏക കരുതൽ കറൻസി’ എന്ന പദവി ഡോളറിന് നഷ്ടപ്പെടാനുള്ള സ്ഥിതിവിശേഷത്തിന് ഭാവിയിൽ അത് വഴിവച്ചേക്കാം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →