തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. 2023 ഓഗസ്റ്റ് 25ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. പുറത്ത് നിന്ന് കൂടിയ വിലക്ക് വൈദ്യുതി വാങ്ങണോ, അതോ ലോഡ് ഷെഡിങ് വേണോ എന്ന് മുഖ്യമന്ത്രിയാകും തീരുമാനിക്കുക.
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്. എന്നാൽ ലോഡ് ഷെഡിംഗ് വേണമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ വിഷയം അവതരിപ്പിക്കും. അതേസമയം വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങൾ നൽകാൻ റെഗുലേറ്ററി കമ്മീഷൻ നിർദേശം നൽകി. കരാർ നീട്ടണമെന്ന അപേക്ഷയിൽ വാദം കേട്ട ശേഷമാണ് കമ്മീഷൻ നിർദേശം നൽകിയത്.
കഴിഞ്ഞ ഒന്നര മാസം വൈദ്യുതി വാങ്ങിയതിന്റെ കണക്കാണ് നൽകേണ്ടത്. 365 മെഗാവാട്ട് വൈദ്യുതി നൽകിക്കൊണ്ടിരുന്ന രണ്ട് കമ്പനികളുമായുള്ള കരാർ 2023 ഓഗസ്റ്റ് 22ന് അവസാനിക്കും. ബോർഡിന്റെ അഭ്യർത്ഥന പ്രകാരം അടിയന്തര വാദം കേൾക്കാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. കാലാവധി നീട്ടി നൽകിയാൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും. കമ്മീഷന്റെ തീരുമാനം അറിഞ്ഞശേഷമേ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വേണമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ.

