തിരുവനന്തപുരം : സർക്കാർ സ്ഥാപനങ്ങളോട് ചെലവ് ചുരുക്കാൻ നിർദേശവുമായി ധനവകുപ്പ്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്. സെമിനാറുകൾ, ശിൽപ്പശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നുമാണ് ധനവകുപ്പ് നിർദേശം. പല സ്ഥാപനങ്ങളും പരിപാടികൾ വലിയ ഹോട്ടലുകളിൽ വച്ച് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. നിർദ്ദേശങ്ങൾ ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ചിരുന്നു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്കുള്ള പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

