ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോങ്ങിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ബൈക്ക് യാത്രയ്ക്കു പിന്നാലെ റോഡിന്റെ പേരില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. പോര്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഹിമാലയന്‍ മേഖലയില്‍ നിര്‍മിച്ച റോഡുകള്‍ക്ക് പ്രചാരം നല്‍കിയതില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാഹുലിന് നന്ദിയറിയിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് ഏറ്റുമുട്ടലിനു തുടക്കം. കോണ്‍ഗ്രസ് ഭരണകാലത്ത് ഇതേ റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന വിഡിയോയും മോദി സര്‍ക്കാര്‍ വന്നശേഷം റോഡിനു വന്ന മാറ്റം ഉള്‍പ്പെടുന്ന വീഡിയോയും ഇതിനൊപ്പം റിജിജു പങ്കുവച്ചിട്ടുണ്ട്.
തൊട്ടുപിന്നാലെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിന്റെ യാത്രയെ അഭിനന്ദിച്ച് രംഗത്തെത്തി. ‘ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനുശേഷമുള്ള ലേയും ലഡാക്കും കാണാനും അതേക്കുറിച്ച് പ്രചരിപ്പിക്കാനും രാഹുല്‍ ഗാന്ധി നേരിട്ട് കശ്മീര്‍ താഴ്വരയിലേക്ക് ഒരു യാത്ര നടത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ യാത്രയുടെ നേര്‍ക്കാഴ്ചകള്‍ കണ്ട് ഞങ്ങളും ആഹ്ലാദിക്കുന്നു’- പ്രഹ്ലാദ് ജോഷി എക്സില്‍ കുറിച്ചു.അതേസമയം, ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ ഖണ്ഡിച്ച് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്തെത്തി. രാഹുല്‍ ഗാന്ധി സഞ്ചരിച്ച റോഡിന്റെ ടെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പവന്‍ ഖേര ബി.ജെ.പിയെ വെല്ലുവിളിച്ചു. 2014-ന് മുമ്പ് ലഡാക്കില്‍ ചിത്രീകരിച്ച ഹിന്ദി സിനിമകളില്‍ അവിടത്തെ മികച്ച റോഡുകള്‍ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകള്‍ ബാലിശമാണെന്നു പറഞ്ഞ അദ്ദേഹം, എല്ലാത്തിന്റെയും ക്രെഡിറ്റ് ഏറ്റെടുക്കാനാണ് ബി.ജെ.പി. ആഗ്രഹിക്കുന്നതെന്നും പരിഹസിച്ചു.ലേയില്‍നിന്ന് പാംഗോങ്ങിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ ബൈക്ക് യാത്ര വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അവിടത്തെ റോഡുകള്‍ ബി.ജെ.പി. ഭരണകാലത്ത് നിര്‍മിച്ചതാണെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തിയത്.
ലഡാക്കിലെ റോഡിന്റെ പേരില്‍കോണ്‍ഗ്രസ്-ബി.ജെ.പി. പോര്
