ഉള്ളി വില കുതിച്ചുയരുന്നു; സർക്കാർ കരുതൽശേഖരത്തിൽ നിന്ന് ഉള്ളി വിതരണത്തിന് നൽകി തുടങ്ങിയതായി എഎൻഐ റിപ്പോർട്ട്

തക്കാളിക്ക് സമാനമായി ഉള്ളി വിലയും വർധിച്ചുവരുന്നതിനാൽ കയറ്റുമതിയിൽ 40 ശതമാനം നികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ. തുടർച്ചയായി ഉള്ളി വിലയിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ധനമന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്. 2023 ഡിസംബർ 31 വരെയുള്ള ഉള്ളിയുടെ കയറ്റുമതിയിലാണ് 40 ശതമാനം നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.

2023 ഓഗസ്റ്റ് 11 മുതൽ കരുതൽശേഖരത്തിൽ നിന്നാണ് സർക്കാർ ഉള്ളി വിതരണത്തിന് നൽകി തുടങ്ങിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.
2023-24 കാലയളവിൽ 3 ലക്ഷം ടൺ ഉള്ളി ബഫർ സ്റ്റോക്കായി നിലനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. 2022-23ൽ സർക്കാർ 2.51 ലക്ഷം ടൺ ഉള്ളി ബഫർ സ്റ്റോക്കായി നിലനിർത്തി.

ഉരുളക്കിഴങ്ങിന്റെ വിലയും ഈ മാസത്തിൽ തുടർച്ചയായ വർധനവാണുണ്ടായത്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ്, സർക്കാരിന്റെ കാർഷിക വിപണന ഏജൻസികളായ നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാരുമായി ഓ​ഗസ്റ്റ്
17 വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ദേശീയതലത്തിലെ ശരാശരിയേക്കാൾ ഉയർന്ന വിലനിലവാരമുള്ള സംസ്ഥാനങ്ങളിലും മേഖലകളിലും പ്രധാന കമ്പോളങ്ങളിലൂടെ കരുതൽശേഖരത്തിൽ നിന്ന് ഉള്ളി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയുടെ ഉള്ളിയുത്പാദനത്തിന്റെ 65 ശതമാനവും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലത്തെ റാബി വിളവെടുപ്പിലാണ് ലഭിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →