ആലപ്പുഴ: ബന്ധുവിൻറെ മകനെതിരെ നടപടിയെടുത്തതിന് പൊലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കൽ സെക്രട്ടറിയുടെ വക തെറി അഭിഷേകവും ഭീഷണിയും.കഞ്ഞിക്കുഴിയിൽ കാടുപിടിച്ച് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ വിദ്യാർഥികൾ പതിവായി വന്നു പെോകുന്നതായി പൊലീസിന് വിവരം ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആലപ്പുഴ എസ്പി യുടെ നർകോട്ടിക്സ് സ്ക്വാഡിലെ സിവിൽ പൊലീസ് ഓഫീസർ ഷൈൻ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും സംഘത്തിലുണ്ടായിരുന്നു. മാതാപിതാക്കളുടെ ഫോൺ നമ്പർ ശേഖരിച്ച്, ഉപദേശം നൽകിയ ശേഷം ആദ്യം പെൺകുട്ടികളേയും പിന്നീട് ആൺകുട്ടികളെയും വിട്ടയച്ചു. വിട്ടയച്ച ആൺകുട്ടികൾ തിരിച്ചെത്തി പൊലീസ് സംഘത്തെ അസഭ്യം പറഞ്ഞതോടെയാണ് ചിത്രം മാറുന്നത്. ഇവരെയും കൊണ്ട് സ്റ്റേഷനിലെത്തിയ പൊലീസ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ആൺട്ടികളിൽ ഒരാൾ കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി കമ്മിറ്റി സെക്രട്ടറി ഹെബിൻദാസിന്റെ അടുത്ത ബന്ധുവിൻറെ മകനാണെന്ന് മനസ്സിലായി. ഹെബിൻ ദാസാണ് ആലപ്പുഴ നർക്കോട്ടിക്സ് സെല്ലിലെ സിവിൽ പൊലീസ് ഓഫീസർ ഷൈനിനെ ഫോണിൽ അസഭ്യം പറഞ്ഞത്.
തുടർന്ന് ഇക്കാര്യം സംസാരിക്കാൻ ഷൈൻ, ഹെബിൻ ദാസിനെ വിളിക്കുന്നതോടെയാണ് കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യവർഷം തുടങ്ങുന്നത്. ആവശ്യമില്ലാതെ ഇടപെട്ടാൽ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.ഇവർ തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു.ടെലിഫോൺ സംഭാഷണം പുറത്ത് വന്നിട്ടും നിയമനടപടി സ്വീകരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. പി കൃഷ്ണപിള്ള ദിനാചരണത്തിൻറെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്ന് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തുകയാണ്. ഈ ദിവസം നോക്കി സിപിഎമ്മിലെ ഒരു വിഭാഗം ഫോൺ സംഭാഷണം പുറത്ത് വിട്ടു എന്നതും ശ്രദ്ധേയമാണ്.

