ബംഗളൂരു: കർണാടകയിൽ ബിജെപിയുടെ പാളയത്തിൽ ആശങ്ക പടർത്തി ഓപ്പറേഷൻ ഹസ്ത. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ചു ചേർത്ത പ്രധാനപ്പെട്ട യോഗത്തിൽ നിന്ന് രണ്ട് ബിജെപി എംഎൽഎമാർ വിട്ടു നിന്നതോടെ സംസ്ഥാനത്ത് ഓപ്പറേഷൻ ഹസ്ത പിടിമുറുക്കുന്നെന്ന അഭ്യൂഹം കനക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പതിനഞ്ചോളം ബിജെപി എംഎൽഎമാർ കോൺഗ്രസിലേക്ക് മാറുമെന്ന വാർത്തകൾ കോൺഗ്രസ് നേതാക്കൾ അനൗദ്യോഗികമായി പുറത്തു വിട്ടിരുന്നു.
ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിനായാണ് യെദ്യൂരപ്പ സ്വന്തം വസതിയിൽ യോഗം വിളിച്ചു ചേർത്തത്. എന്നാൽ മുൻ മന്ത്രിയും ബിജെപി എംഎൽഎ യുമായ എസ് ടി സോമശേഖർ , ബൈരാടി ബാസവരാജ് എന്നിവർ യോഗത്തിൽ പങ്കെടുത്തില്ല. ഇരുവരും ബംഗളൂരുവിൽ നിന്നുള്ള ജനപ്രതിനിധികളാണ്. അതു മാത്രമല്ല സ്വന്തം നിലയിൽ വിജയിക്കാൻ കഴിവുള്ള നേതാക്കൾ കൂടിയാണ്. സോമശേഖർ കോൺഗ്രസിലേക്കെത്തുന്നുവെന്ന വാർത്തകൾ ശക്തമാണ്. അടുത്തിടെ നടന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ ഗുരു എന്നാണ് സോമശേഖർ അഭിസംബോധന ചെയ്തത്. ബംഗളൂരുവിലെ കെ.ആർ പുരം സീറ്റിലെ എംഎൽഎയാണ് ബാസവരാജ്. ബാസവരാജിനെ കോൺഗ്രസിലെത്തിക്കാനും ഡികെ ശ്രമിക്കുന്നുണ്ട്. ഓപ്പറേഷൻ ഹസ്തയെക്കുറിച്ചുള്ള വാർത്തകൾ ഡികെ തള്ളിയിട്ടില്ല. പാർട്ടിയുടെ നന്മയ്ക്കു വേണ്ടി എന്തു വേണമെങ്കിലും ചെയ്യുമെന്നാണ് ഡികെ പറയുന്നത്.
അതേ സമയം പാർട്ടിയിൽ നിന്ന് ആരും പുറത്തു പോകില്ലെന്ന് യോഗത്തിനു ശേഷം യെദ്യൂരപ്പ പ്രതികരിച്ചു. പെട്ടെന്ന് വിളിച്ചു ചേർത്ത യോഗമായതിനാൽ ചിലർക്ക് പങ്കെടുക്കാൻ സാധിച്ചില്ല.ചില കാര്യങ്ങളിൽ ചില നേതാക്കൾക്ക് ആശങ്കയുണ്ട്. അവരെ നേരിട്ട് വിളിച്ചു സംസാരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.