ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍: ഇന്ത്യന്‍ പ്രതീക്ഷനീരജില്‍

ബുഡാപെസ്റ്റ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ഇന്നു തുടക്കമാകും. 27 ഇന്ത്യന്‍ താരങ്ങളാണ് യോഗ്യത നേടിയതെങ്കിലും വിവിധ കാരണങ്ങളാല്‍ ചിലര്‍ പങ്കെടുക്കുന്നില്ല. വ്യക്തിഗത ഇനങ്ങളില്‍ 21 പേരും 4-400 മീറ്റര്‍ റിലേ ടീമുമാണ് ഇന്ത്യക്കായി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ജേതാവ് നീരജ് ചോപ്രയിലാണ് ഇന്ത്യന്‍ പ്രതീക്ഷയത്രയും. സാഹചര്യം അനുകൂലമാണെങ്കില്‍ 90 മീറ്ററിനു മുകളില്‍ ജാവലിന്‍ പായിക്കാനാവുമെന്ന നീരജിന്റെ ആത്മവിശ്വാസം തന്നെയാണ് ടീം ഇന്ത്യക്കും കരുത്തേകുന്നത്. 2022ല്‍ യൂജിനില്‍ നീരജ് വെള്ളി നേടിയിരുന്നു. ഇത്തവണ യാകുബ് വാഡ്‌ലെഷ്, യൂലിയന്‍ വെബര്‍, ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് എന്നിവരില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുമെന്ന് ഉറപ്പ്.പുരുഷ ലോങ്ജംപില്‍ മലയാളി താരം ശ്രീശങ്കര്‍ മുരളിയും മെഡല്‍ പ്രതീക്ഷയുയര്‍ത്തുന്നുണ്ട്. ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റില്‍ കുറിച്ച 8.41 മീറ്റര്‍ ദൂരം ബുഡാപെസ്റ്റില്‍ കണ്ടെത്താനായാല്‍ ചിലപ്പോള്‍ ശ്രീശങ്കറിനെയും പോഡിയത്തില്‍ കാണാം. ഈ വര്‍ഷം 8.42 മീറ്റര്‍ മറികടന്ന് ദേശീയ റെക്കോഡോടെ ശ്രീശങ്കറെ പരാജയപ്പെടുത്തിയ ജെസ്വിന്‍ ആള്‍ഡ്രിന്‍ ആണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു താരം. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ മിറ്റിയാഡിസ് ടെന്റോഗ്ലു 8.41 മീറ്റര്‍ ചാടിയാണ് സ്വര്‍ണമണിഞ്ഞത് എന്നത് മറന്നുകൂട.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് മുകുന്ദ് സാബ്‌ലെയാണ് മറ്റൊരു മെഡല്‍പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →