പ്രത്യേക ഭരണം മാത്രമാണ് ഏക പരിഹാരം’; ഡല്‍ഹിയില്‍ പ്രതിഷേധവുമായി മണിപ്പൂരിലെ ആദിവാസിവനിതകള്‍

അക്രമം രൂക്ഷമായ മണിപ്പൂരിലെ മലയോര ജില്ലകള്‍ക്ക് പ്രത്യേക ഭരണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധ പ്രകടനം. മണിപ്പൂരിലെ ആദിവാസി സ്ത്രീകളുടെ സംഘമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മലയോര മേഖലയില്‍ സമാധാനവും അധികാര സന്തുലിതാവസ്ഥയും ഉറപ്പാക്കാനുള്ള ഏക പരിഹാരമാണ് ഗോത്രവര്‍ഗക്കാരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഭരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

അക്രമബാധിതരായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്. അക്രമം എത്രയും വേഗം അവസാനിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ പൗരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഒരു പ്രത്യേക ഭരണം തേടാനുള്ള അവകാശമുണ്ട്. ആദിവാസി സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്,’ പ്രതിഷേധക്കാരില്‍ ഒരാളായ മേഴ്സി പറഞ്ഞു.

എല്ലാ ദുരിതാശ്വാസ ശ്രമങ്ങളും സാമഗ്രികളും മലയോര-ആദിവാസി മേഖലകളിലും എത്തിക്കണമെന്ന് അവര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസ സാമഗ്രികള്‍ കൂടുതലായി അയക്കുന്നുണ്ടെന്നും എന്നാല്‍ മണിപ്പൂരിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് വിമാനത്താവളത്തിലേക്ക് നേരിട്ട് പ്രവേശനമില്ലെന്നും അവര്‍ പറഞ്ഞു.

‘പ്രത്യേക ഭരണം സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും, താഴ് വരയിലും കുന്നുകളിലും സമാധാനം നിലനില്‍ക്കും. ഇന്ത്യന്‍ ഭരണഘടനയുടെ പരിധിയില്‍ പ്രാതിനിധ്യം ആവശ്യപ്പെടാനുള്ള അവകാശം സമൂഹത്തിനുണ്ട്’, ഗോത്രവര്‍ഗ ഗ്രൂപ്പിന്റെ മറ്റൊരു വക്താവ് ഗ്രേസ് പറഞ്ഞു.

അതിനിടെ, ചീഫ് സെക്രട്ടറിക്കും പോലീസ് ഡയറക്ടര്‍ ജനറലിനും (ഡിജിപി) സമാനമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ 10 കുക്കി-സോമി എംഎല്‍എമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചുരാചന്ദ്പൂര്‍, കാംഗ്പോപി, ചന്ദേല്‍, തെങ്നൗപല്‍, ഫെര്‍സാവല്‍ എന്നീ അഞ്ച് മലയോര ജില്ലകളുടെ കാര്യക്ഷമമായ ഭരണം ഈ തസ്തികകളിലൂടെ ഉറപ്പാക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →