ഇന്ത്യ രാജ്യത്ത് ജനിച്ച എല്ലാ വ്യക്തികളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗുലാം നബി ആസാദ്

ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും വേരുകൾ ചെന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇന്ത്യ രാജ്യത്ത് ജനിച്ച എല്ലാ വ്യക്തികളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദോഡ ജില്ലയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മുസ്ലീങ്ങൾ എല്ലാം പരിവർത്തനം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു.

‘1,500 വർഷങ്ങൾക്ക് മുൻപാണ് ഇസ്ലാം മതം ഉണ്ടായത്. അതേസമയം ഹിന്ദു മതത്തിന് അതിലും പഴക്കമുണ്ട്. ചില മുസ്ലീങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്തു. പിന്നീട് ഇവർ മുഗൾ സൈന്യത്തിന്റെ ഭാഗമായി. 20 മുസ്ലീങ്ങളെയാണ് ആദ്യം മുഗൾ സൈന്യം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ ഹിന്ദുക്കൾ മതപരിവർത്തനം ചെയ്യപ്പെട്ടു. അങ്ങനെ ഇവിടെ ഒരുപാട് മുസ്ലീങ്ങൾ ഉണ്ടായി.

ആറ് നൂറ്റാണ്ടുകൾക്ക് മുൻപ് കശ്മീരി പണ്ഡിറ്റുകളുടെ ജനസംഖ്യയിൽ വലിയ വർദ്ധനവ് ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗവും മതപരിവർത്തനത്തിന് ഇരയായി. അതുകൊണ്ടാണ് നമ്മുടെയെല്ലാവരുടെയും വേരുകൾ ആഴ്ന്ന് കിടക്കുന്നത് ഹിന്ദു മതത്തിലാണെന്ന് പറയുന്നത്. ഹിന്ദു, മുസ്ലീം, രജ്പുത്, ബ്രാഹ്മിൺ, ദളിത്, കശ്മീരി തുടങ്ങി ഏത് വിഭാഗത്തെ എടുത്താലും ഒരു കാര്യം വ്യക്തമാണ്. ഇവരുടെയെല്ലാം ഉത്ഭവം ഈ മണ്ണിലാണ്’, ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →