മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. സമൂഹമാധ്യമത്തിലൂടെ സ്വാതന്ത്ര്യ ദിനാശംസകകൾ നേർന്നതിനൊപ്പം അക്ഷയ് കുമാർ പൗരത്വ രേഖയും പോസ്റ്റ് ചെയ്തു . താരത്തിന്‍റെ കനേഡിയൻ പൗരത്വം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇന്ത്യയാണ് തനിക്കെല്ലാം എന്നും ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകിയതായി അടുത്തിടെ ഒരു അഭിമുഖത്തിൽ അക്ഷയ്കുമാർ വ്യക്തമാക്കിയിരുന്നു.
പതിനഞ്ചു ചിത്രങ്ങളോളം തുടർച്ചയായി പരാജയപ്പെട്ടതിനു പുറകേ 1990ലാണ് താരം കനേഡിയൻ പൗരത്വം നേടിയത്. പിന്നീട് വീണ്ടും ബോളിവുഡിൽ സജീവമായതോടെ അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി അക്ഷയ് കുമാർ നടത്തിയ അഭിമുഖത്തിനു പുറകേ അദ്ദേഹത്തിന്‍റെ കനേഡിയൻ പൗരത്വം വൻ വിവാദമായി മാറി.
നിലവിൽ അക്ഷയ്കുമാർ പ്രധാന കഥാപാത്രമായെത്തുന്ന ഒഎംജി2 തിയറ്ററുകളിൽ പണം വാരിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ നിന്ന മാത്രം 55.17 കോടി രൂപയാണ് ചിത്രം കലക്റ്റ് ചെയ്തത്.

