പാലക്കാട്: മണ്ണാർക്കാട് കടകൾ കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. നാല് കടകളിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്. ദിവസങ്ങൾക്ക് മുൻപ് കുമരംപുത്തൂരിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയിൽ നിന്ന് കിട്ടിയിട്ടും ആളെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
മണ്ണാർക്കാട് എംഇഎസ് കോളജ് പരിസരത്തെ കടകളുടെ പൂട്ട് പൊളിച്ചാണ് മോഷണം നടത്തിയത്. ഹോട്ടൽ, ബേക്കറി, ഫാൻസി ഷോപ്പുകൾ എന്നിവിടങ്ങളിലായിരുന്നു മോഷണം. ഇവിടെ സിസി ടിവി ഇല്ലാത്തത് കാരണം മോഷ്ടാവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഹോട്ടലിൽ നിന്ന് 4,000 രൂപയും ജനൗഷധി കടയിൽ നിന്ന് 5,000 രൂപയുമാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം കുമരംപുത്തൂർ ചുങ്കത്ത് മെഡിക്കൽ ഷോപ്പിന്റെയും ബേക്കറിയുടെയും പൂട്ട് പൊളിച്ച് മോഷണം നടന്നിരുന്നു. കുമരംപുത്തൂരിലെ മോഷ്ടാവിന്റെ മുഖം സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ഒരു മാസം മുൻപ് പൊലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായിരുന്നു. ഇയാൾക്ക് മറ്റ് മോഷണസംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് ഇനിയും വ്യക്തമായിട്ടില്ല. മണ്ണാർക്കാട് കടകൾ കേന്ദ്രീകരിച്ച് മോഷണം പതിവായിട്ടും കള്ളന്മാരെ പിടികൂടാത്തതിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്. രാത്രികാല പരിശോധന ഊർജ്ജിതമെന്ന് മാത്രമാണ് പൊലീസ് വിശദീകരണം.

