രാഹുലിന്റെ ലോക്സഭാംഗത്വം പുന:സ്ഥാപിക്കല്‍; സ്പീക്കര്‍ക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് കോണ്‍ഗ്രസ് കത്തു നല്‍കി. അതേ സമയം നടപടി വൈകിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമം നടക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പുകളടക്കംം ഫയല്‍ചെയ്തുകൊണ്ട് കത്ത് നല്‍കിയത്. എന്നാല്‍ ലോക്സഭാ സ്പീക്കര്‍ നടപടികളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ഇന്ന് കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ സെക്രട്ടറി ജനറലിനെ കാണാന്‍ ആവശ്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം സെക്രട്ടറി ജനറലിനെ വിളിച്ചപ്പോള്‍ ഓഫീസ് അവധിയാണെന്നും കത്ത് സ്പീക്കര്‍ക്ക് നല്‍കാനും ആവശ്യപ്പെട്ടു. തപാലില്‍ കത്തയച്ചെങ്കിലും സീല്‍ ചെയ്യാതെ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിറകെയാണ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് മുന്നോട്ട് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →