പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട : പതിനഞ്ചുകാരിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോവുകയും, ലൈംഗികാതിക്രമം കാട്ടുകയും ചെയ്ത യുവാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് മണ്ണീറ വടക്കേക്കര ചരിവുകാലായിൽ വീട്ടിൽ നിന്നും തണ്ണിത്തോട് അള്ളുങ്കൽ പ്ലാന്റേഷൻ കോർപറേഷൻ എ ഡിവിഷനിൽ താമസം അനീഷ് (22) ആണ് പിടിയിലായത്.

കുട്ടിയുമായി അടുപ്പത്തിലായ പ്രതി, കഴിഞ്ഞവർഷം ഡിസംബർ 10 മുതൽ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഇന്നലെ വൈകിട്ട് കലഞ്ഞൂർ ക്ഷേത്രത്തിനു കിഴക്കുവശത്തുള്ള ആൽതറപ്പടിയുടെ അരികിൽ വച്ച് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയുമായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി കുട്ടിയെ വീട്ടിലേക്ക് പോകുന്ന വഴിക്ക് റോഡിൽ ഇറക്കിവിടുകയായിരുന്നു. പലതവണ ബൈക്കിൽ കയറ്റിക്കൊണ്ടുനടന്ന്, കുട്ടിയെ നിർബന്ധിച്ച് നഗ്നഫോട്ടോകൾ മൊബൈൽ വഴി കൈവശപ്പെടുത്തി. വിവരം വീട്ടിൽ കുട്ടി അറിയിച്ചതിനെത്തുടർന്ന്, അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. മാതാവിന്റെ മൊഴിപ്രകാരമെടുത്ത കേസിൽ മണിക്കൂറുകൾക്കുള്ളിൽ കൂടൽ പോലീസ് പ്രതിയെ പിടികൂടി.

എസ്ഐ ഷെമി മോളാണ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. പ്രതിയെ നെല്ലിമുരുപ്പ് വച്ച് നാട്ടുകാർ തടഞ്ഞുവച്ചതിനെത്തുടർന്ന്, പോലീസെത്തി കസ്റ്റഡിയിലെടുത്തു, വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എസ് ഐ ഷെമി മോൾക്ക് പുറമെ, എ എസ് ഐ വാസുദേവകുറുപ്പ്, സി പി ഓ മാരായ വിൻസെന്റ് സുനിൽ, ഫിറോസ്, അരുൺ, പ്രവീൺ, അനൂപ് എന്നിവരും ഉണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →