മണിപ്പൂർ: ബിഷ്ണുപുരിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മരിച്ചവർ ക്വാക്ത പ്രദേശത്തെ മെയ്തെയ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ കുക്കി സമുദായത്തിൽ നിന്നുള്ളവരുടെ നിരവധി വീടുകളും തകർന്നു. 2023 ഓഗസ്റ്റ് 3 വ്യാഴാഴ്ച ബിഷ്ണുപുരിൽ സായുധ സേനയും മെയ്തെയ് വിഭാഗക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരുക്കേറ്റിരുന്നു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇംഫാൽ ഈസ്റ്റിലും ഇംഫാൽ വെസ്റ്റിലും പ്രഖ്യാപിച്ച കർഫ്യൂ ഇളവുകൾ പിൻവലിച്ചു.
കുക്കി സമുദായത്തിൽപ്പെട്ടവരുടെ നിരവധി വീടുകൾക്കും തീയിട്ടതായാണ് റിപ്പോർട്ടുകൾ. ഒരു സംഘമാളുകൾ ബഫർ സോൺ കടന്ന് മെയ്‌തെയ് വിഭാഗക്കാരുടെ സ്ഥലത്തെത്തി പ്രദേശങ്ങളിൽ വെടിയുതിർത്തതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് 2 കിലോമീറ്റർ മുന്നിലാണ് ബഫർ സോൺ സ്ഥിതി ചെയ്യുന്നത്. ഇത് കേന്ദ്ര സേനയുടെ സംരക്ഷണത്തിലാണ്. പ്രദേശത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
ബിഷ്ണുപൂർ ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ മേഖലകളിൽ വ്യാഴാഴ്ച സൈന്യവും റാപ്പിഡ് ആക്ഷൻ ഫോഴ്സും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്കാണ് പരുക്കേറ്റത്. ഇതിന് പിന്നാലെയാണ് വീണ്ടും സംഘർഷം.

