പത്തനംതിട്ട: കേരളത്തിൽ നിന്ന് തേനിയിലേക്ക് പോയ കാറിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങൾ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ കണ്ടെത്തിയത്. കണ്ടെത്തിയ അവയവ ഭാഗങ്ങൾ പൂജ ചെയ്ത നിലയിലാണ്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകൾ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം.
സംഭവത്തിൽ മൂന്ന് പേർ പോലീസ് കസ്റ്റഡിയിലായി. ഇവർ വണ്ടി പെരിയാറിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയിൽ നിന്നാണ് അവയവങ്ങൾ വാങ്ങിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചാൽ ഐശ്വര്യം വർദ്ധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

