തിരുവനന്തപുരം : ചലച്ചിത്ര നടൻ സലിംകുമാറിനെ വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിത്ത് വിവാദത്തിൽ സമൂഹ മാധ്യമത്തിലൂടെ പരിഹാസവുമായി സലിംകുമാർ രംഗത്തെത്തിയിരുന്നു.മിത്തും വിവാദവും തമ്മിൽ സംഘർഷം നിലനിൽക്കുമ്പോൾ ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രിയെന്നും ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നായിരുന്നു സലിം കുമാറിന്റെ പരിഹാസം. സലിംകുമാറിനെ പോലെ ഒരാൾ ഹീനമായ പരാമർശം നടത്തരുതായിരുന്നെന്ന് വി ശിവൻകുട്ടി വിമർശിച്ചു.
കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലിംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരിഹാസം വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തിയത്. സലിം കുമാർ പരാമർശം പിൻവലിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ: ബഹു.ദേവസ്വം മന്ത്രി ശ്രീ കെ രാധാകൃഷ്ണനെ മിത്തിസം വകുപ്പ് മന്ത്രി എന്നും നടവരവിനെ മിത്ത് മണി എന്നും പരാമർശിച്ച ചലച്ചിത്ര താരം ശ്രീ സലീംകുമാറിന്റെ നടപടി ഒട്ടും ശരിയായില്ല. സലീംകുമാറിനെ പോലുള്ള ഒരാൾ ഇത്തരം ഹീനമായ പരാമർശം നടത്തരുതായിരുന്നു. കെ രാധാകൃഷ്ണൻ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ജനനേതാവാണ്. ഒരു കാര്യവുമില്ലാതെയാണ് സലീംകുമാർ അദ്ദേഹത്തെ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചത്. സലീംകുമാർ ഈ പരാമർശം പിൻവലിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

