സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച 4 യുവാക്കൾ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ വേരുവള്ളി ഭാഗത്ത് കളരിക്കൽതറ വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന കെ.എം മനു(20), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ കുഞ്ഞൻ എന്ന് വിളിക്കുന്ന കെ.എസ് വിമൽ(20), ഇയാളുടെ സഹോദരനായ കൊട്ടാരം എന്ന് വിളിക്കുന്ന കെ.എസ് വിഷ്ണു(24), വെച്ചൂർ പുത്തൻ പാലം ഈസ്റ്റ് ഭാഗത്ത് ഹരിജൻ കോളനിയിൽ ചാത്തൻ എന്ന് വിളിക്കുന്ന വൈഷ്ണവ് (23) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം രാത്രി ഏഴരയോടെ വെച്ചൂർ പുത്തൻ പാലം ഷാപ്പിന് സമീപം വച്ച് യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് മുമ്പ് പരസ്പരം സുഹൃത്തുക്കളായ ഇവർ ഒന്നിച്ച് കുളത്തിൽ കുളിക്കാൻ എത്തിയ സമയം വാഹനം കഴുകുന്നതിനിടയിൽ യുവാക്കളിൽ ഒരാളുടെ ചെരുപ്പ് കുളത്തിൽ എറിഞ്ഞതുമായി ബന്ധപ്പെട്ട് വാക്ക് തർക്കം ഉണ്ടായി

തുടർന്ന് ഇതിനെ ചൊല്ലി വൈകിട്ട് വീണ്ടും സംഘർഷം ഉണ്ടാവുകയും പുത്തൻപാലം ഷാപ്പിന് സമീപം വച്ച് തലയാഴം സ്വദേശിയായ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശക്തമായ തെരച്ചിലിനൊടുവിൽ പലസ്ഥലങ്ങളിൽ നിന്നായി ഇവരെ പിടികൂടുകയായിരുന്നു.

പ്രതികളിൽ ഒരാളായ മനുവിന് വൈക്കം, മുഹമ്മ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ ദിലീപ് കുമാർ, ഷിബു വർഗീസ്, വിജയപ്രസാദ്, സത്യൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →