മണിപ്പുര്‍: ഡിജിപി നേരിട്ടു ഹാജരാകണം, സര്‍ക്കാരിനെതിരേ സുപ്രീം കോടതിന്യൂഡല്‍ഹി

പ്രത്യേക സംഘത്തെ നിയോഗിക്കും
സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തിയുള്ള സംഘത്തിനായിരിക്കും ചുമതല. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ഇത് സംബന്ധിച്ച ഉത്തരവുണ്ടായേക്കും.’ഭരണത്തിലുള്ള വിശ്വാസം വീണ്ടെടുക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. സംഭവത്തില്‍ കോടതിക്ക് കടുത്ത ആശങ്കയുണ്ട്. രാഷ്ട്രീയ താത്പര്യങ്ങളില്ലാത്തവരെയാകും സമിതിയില്‍ ഉള്‍പ്പെടുത്തുക’, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഇത്തരം സംഘര്‍ഷങ്ങള്‍ ഇരുവിഭാഗങ്ങളേയും ബാധിക്കും. സമാധാനം പുനസ്ഥാപിക്കുന്നതിനെ കുറിച്ചാണ് ഞങ്ങള്‍ ആശങ്കപ്പെടുന്നതെന്നും കോടതി പറഞ്ഞു.
വനിതാ ജഡ്ജിയും സമിതിയില്‍?
മണിപ്പൂരില്‍ സിബിഐ അന്വേഷണത്തെ ഹര്‍ജിക്കാരും എതിര്‍ത്തിരുന്നു. കേന്ദ്രത്തിന് കീഴിലുള്ള സി ബി ഐ അന്വേഷിച്ചാല്‍ നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരും ചൂണ്ടിക്കാട്ടിയത്. സ്വതന്ത്രമായ പ്രത്യേക സമിതി വേണമെന്ന ആവശ്യം അക്രമിക്കപ്പെട്ട സ്ത്രീകളും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി ഒരുങ്ങുന്നത്. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സമിതിയില്‍ വിരമിച്ച് വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.
പോലീസ് എന്ത് ചെയ്യുകയായിരുന്നു?
സംഭവം നടന്ന് 14 ദിവസത്തിന് ശേഷം മാത്രമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇത്രയും പോലീസ് എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. ‘മെയ് 4 മുതല്‍ 18 വരെ പോലീസ് എന്ത് ചെയ്യുകയായിരുന്നു. സംഭവത്തെ കുറിച്ച് പ്രാദേശിക പോലീസുകാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞാല്‍ ഞങ്ങളാരും വിശ്വസിക്കാന്‍ പോകുന്നില്ല. ഒരു മാസം കഴിഞ്ഞിട്ടും മജിസ്‌ട്രേറ്റിനെ എന്താണ് അറിയിക്കാതിരുന്നത്? എന്നായിരുന്നു ചീഫ് ജസ്റ്റിന്റെ ചോദ്യം.എന്താണു നടന്നതെന്നു കണ്ടെത്തേണ്ടതു ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.നാലാം തീയതി ഉണ്ടായ സംഭവത്തില്‍ ഏഴാം തീയതിയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയെ കാറില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചതും മകനെ അടിച്ചുകൊന്നതുമായി ഗൗരവമുള്ള സംഭവമായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മകനെ തീകൊളുത്തി കൊന്നിട്ടും എഫ്ഐആറില്‍ 302-ാം വകുപ്പ് എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നതെന്ന് ജസ്റ്റിസ് പര്‍ദിവാല ചോദിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അറസ്റ്റുകള്‍ ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. മേയ് തുടക്കം മുതല്‍ ജൂലൈ വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു അവിടെ. ക്രമസമാധാനവും സംവിധാനങ്ങളും പൂര്‍ണമായി തകര്‍ന്ന അവസ്ഥയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
സോളിസിറ്റര്‍ ജനറലിന്റെ മറുപടി

മേയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂണ്‍ 24 നാണ് പുറത്തുവന്നതെന്നും തുടര്‍ന്ന് 24 മണിക്കൂറിനകം 7 പ്രതികളേയും അറസ്റ്റ് ചെയ്തിരുന്നുവെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. മണിപ്പൂരിലെ സംഘര്‍ഷത്തില്‍ 6000ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിക്കുന്നതില്‍ കേന്ദ്രത്തിന് എതിര്‍പ്പില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്.
ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കണം: ചീഫ് ജസ്റ്റിസ്
കേസുകള്‍ എടുക്കുന്നതിലും എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കാണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. മണിപ്പുര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 6532 എഫ്ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.6523 എഫ്ഐആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങി ഏതൊക്കെ കുറ്റങ്ങളാണെന്നു തരംതിരിച്ച് എഫ്ഐആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം, ഹൈക്കോടതി മുന്‍ ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ 6,500 എഫ്‌ഐആറുകള്‍ മുഴുവന്‍ അന്വേഷിക്കാന്‍ സിബിഐക്ക് കഴിയില്ല. സംസ്ഥാന പൊലീസിനെ വിശ്വസിക്കാന്‍ കഴിയില്ല. എന്താണ് ചെയ്യേണ്ടതെന്ന് പഠിച്ചു പറയണം. അവിടെ ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും നമ്മുടെ ആളുകളല്ലേ? അതുകൊണ്ട് ഇക്കാര്യത്തില്‍ ശരിയായ കാര്യം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി
മണിപ്പൂര്‍ ബലാത്സംഗക്കേസിലെ ഇരകളുടെ മൊഴിയെടുക്കുന്നതിന് സിബിഐക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മൊഴിയെടുക്കരുതെന്നാണ് നിര്‍ദേശം. അതേസമയം, പീഡനത്തിനിരയായ സ്ത്രീകളും തങ്ങളുടെ വ്യക്തിത്വം സംരക്ഷിക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ഈ വിഷയത്തിലും സുപ്രീം കോടതിയില്‍ വാദം നടന്നിരുന്നു.വിഷയം ഇനി അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →