ദില്ലി: ഗുസ്തി താരങ്ങളുയർത്തിയ ലൈംഗിക അതിക്രമ പരാതി നിലനിൽക്കെ വെല്ലുവിളിയുമായി ആരോപണ വിധേയനായ മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ് രംഗത്ത്. ഇത്തവണത്തെ ഗുസ്തി ഫെഡറഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബ്രിജ് ഭൂഷണിന്റെ വെല്ലുവിളി. തന്റെ സ്ഥാനർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡൻറിൻറെ വെല്ലുവിളി. 25 സംസ്ഥാന അസോസിയേഷനുകളിൽ 22 ഉം തനിക്കൊപ്പമാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. 2023ഓഗസ്റ്റ് 12 നാണ് ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കുക.
അതേസമയം ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷന് 2023 ജൂലൈ മാസം 20 ന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദില്ലി റോസ് അവന്യു കോടതിയാണ് ബി ജെ പി എം പിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ. ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.
പ്രായപൂർത്തിയാകാത്ത താരത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് ചൂണ്ടികാട്ടിയത്. പെൺകുട്ടി മൊഴി പിൻവലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ചാമ്പ്യൻ ഷിപ്പിൽ തോറ്റതിലുള്ള പ്രകോപനത്തിൽ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നൽകിയതാണെന്ന പെൺകുട്ടിയുടെ അച്ഛന്റെ മൊഴിയും വാദത്തിന് ബലം പകരാൻ പൊലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.

