അഠാവലെയും നിതീഷുമായി ഇതേക്കുറിച്ചു സംസാരിച്ചിട്ടുണ്ടാകാമെന്നു ഝാർഖണ്ഡിലെ ബിജെപി നേതാവ് രഘുബർ ദാസ് പ്രതികരിച്ചതോടെ നിതീഷിനു മനംമാറ്റമുണ്ടോ എന്ന സംശയം ബലപ്പെട്ടു. അതേസമയം, ജെഡിയു നേതാവിനെ ഇനി തങ്ങൾക്കു വേണ്ടെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി തിരിച്ചടിച്ചു. നിതീഷിനു വിശ്വാസ്യതയില്ലെന്നും സഖ്യത്തിന് ഭാരമാണെന്നും സുശീൽ മോദി. നിതീഷോ ജെഡിയുവോ ഇതേക്കുറിച്ചു പ്രതികരിച്ചില്ല.
ഇന്നലെ പറ്റ്നയിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അഠാവലെ നിതീഷിനെ വെട്ടിലാക്കുന്ന പ്രസ്താവന നടത്തിയത്. ബംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിൽ സഖ്യത്തിന് “ഇന്ത്യ’ എന്നു പേര് നൽകുന്നതിനോട് നിതീഷ് വിയോജിച്ചെന്നു വാർത്തകളുണ്ടായിരുന്നു. പ്രതിപക്ഷ സഖ്യത്തിൽ തനിക്കു പ്രാധാന്യം കുറയുന്നതിൽ നിതീഷ് അതൃപ്തനെന്നും സൂചനകളുണ്ട്. വാർത്താ സമ്മേളനത്തിൽ നിതീഷ് ഇക്കാര്യങ്ങൾ നിഷേധിച്ചെങ്കിലു തുടക്കത്തിലെ ആവേശം ജെഡിയു നേതാവിനില്ലെന്നാണു വിലയിരുത്തൽ.
ഇതിനിടെയാണ് അഠാവലെ നിതീഷിനെ എൻഡിഎയിലേക്കു ക്ഷണിച്ചത്. പ്രതിപക്ഷ സഖ്യത്തിന്റെ മുംബൈ യോഗത്തിൽ പങ്കെടുക്കരുതെന്നും അദ്ദേഹം നിതീഷിനോട് അഭ്യർഥിച്ചു. അഠാവലെയും നിതീഷും വാജ്പേയി മന്ത്രിസഭയിൽ ഒരുമിച്ചു പ്രവർത്തിച്ച കാലം മുതൽ സുഹൃത്തുക്കളാണെന്നതു ചൂണ്ടിക്കാട്ടിയായിരുന്നു അവർ സംസാരിച്ചിട്ടുണ്ടാകാമെന്നു രഘുബർദാസ് പ്രതികരിച്ചത്. ഇതോടെയാണ് നിതീഷിന്റെ ദീർഘകാല സുഹൃത്തും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി രംഗത്തെത്തിയത്. ബിജെപി ഇനിയൊരിക്കലും നിതീഷിനെ ഒപ്പം കൂട്ടില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നിതീഷിന് പഴയ വിശ്വാസ്യതയില്ല. വോട്ട് നേടാനുള്ള കഴിവും നഷ്ടമായി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ് നിതീഷിന് 44 സീറ്റുകൾ ലഭിക്കാൻ കാരണമായത്. അദ്ദേഹം ഇപ്പോഴൊരു ഭാരമാണ്. ആർജെഡി പോലും എത്രകാലം അതു സഹിക്കുമെന്നു കണ്ടറിയണമെന്നും സുശീൽ കുമാർ മോദി.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു നിതീഷ് എൻഡിഎ വിട്ട് ആർജെഡിക്കൊപ്പം ചേരുകയും ബിഹാറിൽ പുതിയ സർക്കാർ രൂപീകരിക്കുകയും ചെയ്തത്.

