കേരളത്തിലെ എഐ ക്യാമറയ്ക്ക് തമിഴ്നാടിന്‍റെ പ്രശംസ

തിരുവനന്തപുരം: കേരളത്തില്‍ സ്ഥാപിച്ച എഐ ക്യാമറ സംവിധാനങ്ങളെ പ്രശംസിച്ച് തമിഴ്‌നാട് ഉദ്യോഗസ്ഥ സംഘം. കേരളത്തിലെ സംവിധാനങ്ങള്‍ മികച്ച മാതൃകയെന്ന് പ്രതികരിച്ച സംഘം കേരളത്തില്‍ നടപ്പിലാക്കിയ റോഡ് സുരക്ഷാ സംവിധാനങ്ങള്‍ ചെന്നൈ പോലുള്ള മെട്രോ നഗരങ്ങളില്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചതായും മന്ത്രി പി.രാജീവ് പറഞ്ഞു.

കര്‍ണാടകയ്ക്ക് പിന്നാലെ കേരളത്തിന്‍റെ റോഡ് സുരക്ഷാ സംവിധാനത്തെക്കുറിച്ച് പഠിക്കാനെത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. സേഫ് കേരള പദ്ധതി നടപ്പിലാക്കിയതിനെത്തൂടര്‍ന്ന് സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞതാണ് തമിഴ്‌നാട് ഗതാഗത വകുപ്പിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്.

തമിഴ്‌നാട് ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എ .എ മുത്തുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചതിന് ശേഷം തിരുവനന്തപുരം എന്‍എച്ച് ബൈപാസിലെ കെല്‍ട്രോണ്‍ വികസിപ്പിച്ച മൊബൈല്‍ സ്പീഡ് എന്‍ഫോഴ്‌സ്‌മെന്‍റ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും എഐ കാമറ സൈറ്റുകളില്‍ നേരിട്ടുപോയി കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു.

സേഫ് കേരള പദ്ധതി വിജയകരമായി സ്ഥാപിച്ചു പരിപാലിക്കുന്നതിന്‍റെ തുടര്‍ച്ചയായി രാജ്യത്തുടനീളം സമാനമായ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കാനുള്ള അവസരങ്ങള്‍ കെല്‍ട്രോണിനെ തേടിയെത്തുകയാണെന്നും മന്ത്രി പി.രാജീവ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →