മുട്ടിൽ മരംമുറി കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭൂവുടമ

വയനാട്: മുട്ടിൽ മരംമുറി കേസിൽ മരംമുറിക്കാൻ അപേക്ഷ നൽകിയിട്ടില്ലെന്നും രേഖകൾ തയ്യാറാക്കിയത് റോജി അഗസ്റ്റിനാണെന്നും മരം നൽകിയ ഭൂവുടമ വാളംവയൽ ഊരിലെ ബാലൻ പറഞ്ഞു. മരംമുറി വിവാദമായി വനംവകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയപ്പോഴാണ് അനുമതിയില്ലാത്ത കാര്യം ഇവർ അറിയുന്നത്. ഫോറൻസിക് പരിശോധനയിൽ മുട്ടിൽ സൗത്ത് വില്ലേജിൽ വ്യാജ ഒപ്പിട്ടുകൊണ്ട് അപേക്ഷ നൽകിയത് റോജിയാണെന്ന് കണ്ടെത്തിയിരുന്നു. അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മരംമുറിച്ചത്. ഭൂവുടമകൾക്ക് നാമമാത്രമായ തുക നൽകി കബളിപ്പിച്ചുകൊണ്ടായിരുന്നു മരം മുറിച്ച് കടത്തിയത്.

ബാലന്റെയും സഹോദരി വെള്ളച്ചിയുടെ ഉൾപ്പെടെയുള്ളവരുടെ വ്യാജ ഒപ്പിട്ടുകൊണ്ടായിരുന്നു അപേക്ഷ നൽകി മരം മുറിച്ച് കടത്തിയത്. ഫോറൻസിക് പരിശോധനയെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മരംമുറിക്കാനായി റോജി അഗസ്റ്റിൻ ഏഴു കർഷകരുടെ സമ്മതപത്രമാണ് വില്ലേജ് ഓഫീസിൽ സമർപ്പിച്ചത്. എല്ലാം റോജി സ്വന്തം എഴുതി ഒപ്പിട്ടവ എന്നാണ് ഫൊറൻസിക് പരിശോധനയിലെ കണ്ടെത്തൽ.

മുട്ടിൽ സൗത്ത് വില്ലേജിൽ നിന്നും ഈ വ്യാജ അപേക്ഷകൾ പൊലീസ് കണ്ടെത്തിയിരുന്നു. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമുള്ള നടപടി റവന്യുവകുപ്പ് സ്വീകരിച്ചാൽ മുട്ടിൽ മരംമുറിയിലെ പ്രതികൾ കനത്ത നിയമനടപടി നേരിടേണ്ടിവരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →