കൊച്ചി: സംസ്ഥാന സിനിമാ പുരസ്കാരങ്ങളിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിക്കുകയോ മാധ്യമങ്ങളോടു സംസാരിക്കുകയോ ചെയ്യാതെ മെഗാ സ്റ്റാർ മമ്മൂട്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വേർപാടിന്‍റെ വേദനയിലാണ് അദ്ദേഹം. അതിനാലാണ് ആരോടും പ്രതികരിക്കാനോ സന്തോഷം പ്രകടിപ്പിക്കാനോ തയാറാവാത്തതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി അത്രയധികം അടുത്ത ബന്ധമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. കുടുംബങ്ങൾ തമ്മിലും വലിയ അടുപ്പത്തിലായിരുന്നു.
അവാർഡ് പ്രഖ്യാപിക്കുന്ന സമയത്ത് നെടുമ്പാശേരി ഗോൾഫ് ക്ലബ്ബിനടുത്ത് സിനിമ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. അവാർഡ് വിവരമറിഞ്ഞയുടൻ തന്നെ നിരവധി മാധ്യമപ്രവർത്തകരും ഫോട്ടോഗ്രാഫർമാരും സ്ഥലത്ത് പാഞ്ഞെത്തുകയും ചെയ്തു. മമ്മൂട്ടിക്കു തന്നെയായിരിക്കും പുരസ്കാരം എന്ന പ്രതീക്ഷയിൽ നേരത്തെ തന്നെ എത്തിച്ചേർന്നവരുമുണ്ട്.
എന്നാൽ, തന്‍റെ ഷൂട്ടിങ് സമയം പൂർത്തിയായതോടെ പുറത്താരോടും സംസാരിക്കാതെ വസ്ത്രം മാറി കാറിൽ കയറി പോകുകയായിരുന്നു മമ്മൂട്ടി. പിന്നീട് അദ്ദേഹത്തോട് വ്യക്തിപരമായി അടുപ്പമുള്ളവരുമായി ബന്ധപ്പെട്ടപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്‍റെ വിഷമം മാറും മുൻപ് ഇങ്ങനെയൊരു കാര്യത്തിൽ സന്തോഷിക്കാൻ സാധിക്കുന്ന അവസ്ഥയിലല്ല അദ്ദേഹം എന്ന വിവരം പുറത്തുവരുന്നത്.

