തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച രാവിലെ 11ന് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചീഫ് ജസ്റ്റിസായിരുന്ന എസ്.വി. ഭട്ടി സുപ്രീം കോടതി ജസ്ജിയായി നിയമിതനായതിനെത്തുടർന്നുള്ള ഒഴിവിലാണ് നിയമനം. ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നേരത്തെ നിയമിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതിയിൽ 1983-89 കാലഘട്ടത്തിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി. ദേശായിയുടെ മകനാണ് ജസ്റ്റിസ് എ.ജെ. ദേശായി. 2011 നവംബർ 21നാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി നിയമിതനാവുന്നത്.
മറ്റ് മൂന്ന് ഹൈക്കോടതികളിലേക്കുകൂടി ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. അലാഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗർവാളിനെ ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി. ഇതോടെ, നിലവിൽ രാജ്യത്തെ ഏക വനിതാ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുനിത. ഒഡിഷയിലെ ജസ്റ്റിസ് ശുഭാശിഷ് തലാപത്രയെ അതേ ഹൈക്കോടതിയിലെയും, കർണാടകയിലെ ജസ്റ്റിസ് അലോക് അരാധെയെ തെലങ്കാനയിലെയും ചീഫ് ജസ്റ്റിസുമാരായി നിയമിച്ചു.

