തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചു. ഒരു സാമൂഹികാരോഗ്യ കേന്ദ്രത്തിനും മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കുമാണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. കൊല്ലം സാമൂഹികാരോഗ്യ കേന്ദ്രം തൃക്കടവൂര്‍ 87 ശതമാനം സ്‌കോറും കോട്ടയം എഫ് എച്ച് സി ഉദയനാപുരം 97 ശതമാനം സ്‌കോറും കൊല്ലം എഫ് എച്ച് സി ശൂരനാട് സൗത്ത് 92 ശതമാനം സ്‌കോറും കൊല്ലം എഫ് എച്ച് സി പെരുമണ്‍ 84 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 164 ആശുപത്രികള്‍ക്ക് എന്‍ ക്യു എ എസ് അംഗീകാരം നേടിയെടുക്കാനായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 107 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ ക്യു എ എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇതുകൂടാതെ പത്ത് ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. എട്ട് വിഭാഗങ്ങളിലായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍ ക്യു എ എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണ്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ ക്യു എ എസ് അംഗീകാരം ലഭിക്കുന്ന പി എച്ച് സികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
