ലോറിയിൽനിന്ന് അഴിഞ്ഞുവീണ കയർ ശരീരത്തിൽ കുരുങ്ങി കാൽനടയാത്രക്കാരൻ മരിച്ചു.

കോട്ടയം : ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ കയർ ശരീരത്തിൽ കുരുങ്ങി കാൽനടയാത്രക്കാരനു ദാരുണാന്ത്യം. സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപന ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണു മരിച്ചത്.2023 ജൂലൈ 16 ഞായറാഴ്ച പുലർച്ചെ 5 ന് എംസി റോഡിൽ സംക്രാന്തി ജംക്‌ഷനു സമീപമായിരുന്നു അപകടം.അറസ്റ്റിലായ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജയ്ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമുളള നരഹത്യയ്ക്കു കേസെടുത്തതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. …

കയറിൽ കുരുങ്ങിയ മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാൽ ശരീരത്തിൽ നിന്ന് അറ്റുപോയി. ലോഡ് ചുറ്റിക്കെട്ടിയകയറിന്റെ ബാക്കി റോഡിലേക്കു നീണ്ടുകിടന്നിരുന്നു. ഇതിൽ കുരുങ്ങിയ മുരളി വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തൽക്ഷണം മരിച്ചെന്നു പൊലീസ് പറഞ്ഞു. ഇതിനു തൊട്ടുമുൻപ് കയർ ഹെൽമറ്റിൽ തട്ടി ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും പരുക്കേറ്റിരുന്നു. പിന്നാലെ ബൈക്കിലെത്തിയ പുന്നത്തറ ക്ഷേത്രം ശാന്തിക്കാരൻ ഹരിനാരായണനും അപകടത്തിൽപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതൊന്നുമറിയാതെ, റോഡിൽ വീണ കയർ അന്വേഷിച്ചെത്തിയ ‍ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ലോറി പൊലീസ് പിടിച്ചെടുത്തു. ചേർത്തല സ്വദേശിയുടേതാണ് ലോറി. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമാണു മുരളി. കുടുംബം വർഷങ്ങളായി കട്ടപ്പനയിലാണ് താമസം. രാവിലെ സംക്രാന്തി ജംക്‌ഷനിലെ കടയിൽ ചായ കുടിക്കാൻ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്. സംസ്കാരം ഇന്നു 12നു കട്ടപ്പനയിലെ വീട്ടുവളപ്പിൽ. ഭാര്യ: മനോഹരി (സുനി), മക്കൾ: ശ്രീദേവി (ബിഫാം), ശ്രീഹരി. . (പത്താം ക്ലാസ്).

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →