തിരുവനന്തപുരം : ഏകവ്യക്തി നിയമത്തിന്റെ പേരിൽ യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം ഏകപക്ഷീയ നിലപാടുമൂലം എൽഡിഎഫിലും, വിഷയത്തെ വർഗീയവത്കരിക്കാൻ ശ്രമിച്ചതിന് കേരളീയ പൊതുസമൂഹത്തിലും ഒറ്റപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. മുന്നണിയിലെ രണ്ടാമത്തെ പ്രധാന പാർട്ടിയെപ്പോലും ബോധ്യപ്പെടുത്താനാകാത്ത സിപിഎം ഏകവ്യക്തി നിയമത്തിൽ ഒന്നിനു പിറകേ ഒന്നായി തിരിച്ചടികൾ നേരിടുന്നു. പ്രമുഖരായ നിരവധി വ്യക്തികളും സാമൂഹിക സംഘടനകളും സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗിനെ പിടിക്കാൻ പോയവർക്ക് ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല, കക്ഷത്തിലിരുന്നതു പോകുകയും ചെയ്തു. ഐക്യജനാധിപത്യമുന്നണിയിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ച സിപിഎം, ഇടതുമുന്നണിയെ പൊട്ടിത്തറിയുടെ വക്കിലാണ് എത്തിച്ചിരിക്കുന്നത്.
സിപിഐ യുടെ പ്രമുഖ നേതാക്കൾ സെമിനാറിൽ പങ്കെടുക്കില്ലെന്നു തീരുമാനിച്ചത് സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ്. സിപിഐയെ മൂലയ്ക്കിരുത്തിയുള്ള സിപിഎമ്മിന്റെ ഏകപക്ഷീയമായ പോക്കുമൂലം മുന്നണി തന്നെ ശിഥിലമാകുന്നു. എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ മുന്നണി യോഗത്തിൽ പങ്കെടുക്കാതെ അതിന് ആക്കംകൂട്ടുന്നു. മൂന്നൂ മാസത്തിലധികമായി ഇടതുമുന്നണി യോഗം ചേർന്നിട്ട്. എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതുമുതൽ ഇടഞ്ഞുനിൽക്കുന്ന ജയരാജനെ റിസോർട്ട് വിഷയത്തിൽ പാർട്ടി കൈവിട്ടതും അദ്ദേഹത്തെ ചൊടിപ്പിച്ചു. കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കമ്പനിയെ മന്ത്രിസഭായോഗത്തിൽ വച്ച് മുഖ്യമന്ത്രി വെട്ടിയത് സിപിഐയുടെ കൃഷിമന്ത്രി പി.പ്രസാദിന് കനത്ത തിരിച്ചടിയായി. കടക്കെണിയിലാകുന്ന കർഷകർക്ക് ഒരു തവണമാത്രം കടാശ്വാസം നൽകിയാൽ മതിയെന്ന സർക്കാർ തീരുമാനവും സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഇഎംഎസിനെയും ഇ.കെ. നായനാരെയും പോലുള്ള പ്രമുഖ നേതാക്കളെ തള്ളിക്കളയുന്ന അഭിനവ നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുണ്ട്. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നിൽ നിർത്തി കേരളീയ സമൂഹത്തെ വർഗീയവത്കരിക്കുന്ന സിപിഎം നിലപാടുകളിൽ പാർട്ടിക്കകത്ത് അതൃപ്തിയുള്ളവരും ഏറെയാണ്. കലാപക്കൊടി ഉയർത്തിയ എം.വി. രാഘവന്റെ ബദൽ രേഖയിൽ 25 വർഷത്തിനുശേഷം സിപിഎം തിരിച്ചെത്തിയപ്പോൾ, അദ്ദേഹത്തെ പുറത്താക്കിയതും കൊല്ലാൻ ശ്രമിച്ചതുമൊക്കെ ഇനി സിപിഎമ്മിന് എങ്ങനെ ന്യായികരിക്കാനാകുമെന്നു സുധാകരൻ ചോദിച്ചു.

