ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) ബസിൽ തൊപ്പി ധരിച്ചെത്തിയതിന്റെ പേരിൽ ബസ് കണ്ടക്ടറോട് തർക്കിച്ച് യുവതി .ബസ് കണ്ടക്ടറോട് തർക്കിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തർക്കത്തി നൊടുവിൽ കണ്ടക്ടർ തൊപ്പി ഊരാൻ നിർബന്ധിതനാകുകയാണ്. സർക്കാർ ജോലിയിൽ, യൂണിഫോമിലുള്ളപ്പോൾ അതിനൊപ്പം പച്ച നിറത്തിലുള്ള തൊപ്പി ധരിക്കുന്നത് അനുവദനീയമാണോ എന്നാണ് യുവതി ചോദിക്കുന്നത്. വിഡിയോയിൽ യുവതിയുടെ മുഖം കാണിക്കുന്നില്ല.
മതം വീട്ടിൽ മതിയെന്നും സർക്കാർ ജോലിയിൽ അത് കാണിക്കേണ്ട കാര്യമില്ലെന്നും യുവതി പറയുന്നുണ്ട്. യുവതിയുടെ പെരുമാറ്റത്തോട് വളരെ സൗമ്യമായാണ് കണ്ടക്ടർ പ്രതികരിക്കുന്നത്. താൻ വർഷങ്ങളായി തൊപ്പി ധരിക്കുന്നയാളാണ് എന്ന് കണ്ടക്ടർ പറയുമ്പോൾ യൂണിഫോമിനൊപ്പം തൊപ്പി ധരിക്കുന്നത് ശരിയല്ലെന്നും ബന്ധപ്പെട്ട അധികൃതരെ ഇക്കാര്യം അറിയിക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് യുവതി ചെയ്യുന്നത്.
നിയമം എല്ലാവർക്കും ഒരേപോലെ ബാധകമാണെന്നും വിഡിയോയിൽ യുവതി പറയുന്നുണ്ട്. അവസാനം കണ്ടക്ടർ തന്റെ തന്റെ തൊപ്പി ഊരിമാറ്റുകയാണ് ചെയ്യുന്നത്. ഈ സംഭവത്തിൽ യുവതിയുടെ പ്രതികരണത്തെ എതിർത്തുകൊണ്ടാണ് കൂടുതൽ ആളുകളും സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്യുന്നത്.

