കൊച്ചി: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് കോടതി പറഞ്ഞു. എറണാകുളം ഉദയംപേരൂർ ആസ്ഥാനമായ സംഘടനയാണ് ഹർജി നൽകിയിരുന്നത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച് വടക്കൻ മേഖലയിലുള്ളവർക്ക് തലസ്ഥാനത്തേക്ക് എത്താൻ ബുദ്ധിമുട്ടാണെന്ന് ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹർജി.
സംസ്ഥാനത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന് പിന്നാലെയാണ് തലസ്ഥാന മാറ്റ ചർച്ചകൾ സജീവമായത്. എന്നാൽ ഹൈബി ഈഡന്റെ ആവശ്യത്തിനെതിരെ പിന്നീട് പാർട്ടിയ്ക്കകത്ത് നിന്ന് തന്നെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. ഏകീകൃത സിവിൽ കോഡ് അടക്കം പ്രശ്‌നങ്ങളിൽ കേന്ദ്രവിരുദ്ധ സമീപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമ്പോൾ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാർട്ടിയിൽ ഒന്നടങ്കം ഉയർന്ന വിമർശനം.
തലസ്ഥാന മാറ്റ ബില്ലുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത് അനാവശ്യ വിവാദമാണെന്ന് കഴിഞ്ഞ ദിവസം ഹൈബി ഈഡൻ മാധ്യമങ്ങൾക്കുമുന്നിൽ വിശദീകരിച്ചിരുന്നു. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനുമിരിക്കുകയാണ്.

