ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി പൊളിച്ചുനീക്കി സർക്കാർ

ഭോപ്പാൽ: മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ പ്രവേഷ് ശുക്ലയുടെ വസതി അധികൃതർ പൊളിച്ചുനീക്കി. അനധികൃത കൈയ്യേറ്റമെന്ന് കണ്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. 2023 ജൂലൈ 5 ബുധനാഴ്ച ജെ.സി.ബിയുമായി എത്തിയാണ് അധികൃതർ വീട് പൊളിച്ചുനീക്കിയത്. മധ്യപ്രദേശ് സർക്കാരിന്റെ നിർദേശാനുസരണമാണ് നടപടിയെന്നാണ് വിവരം.

പ്രവേഷ് ശുക്ലയുടെ പിതാവ് രാമകാന്ത് ശുക്ലയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. വലിയ പോലീസ് സന്നാഹത്തോടെ രണ്ട് ജെസിബിയുമായി എത്തിയാണ് ജില്ലാ ഭരണകൂടം വസതി പൊളിച്ചുനീക്കിയത്. ആദ്യം വീടിന്റെ ഒരുഭാഗം മാത്രമാണ് പൊളിച്ചുനീക്കിയത്. തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ മറ്റുഭാഗങ്ങളും പൊളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, കേസിനാസ്പദമായ വീഡിയോ പഴയതാണെന്നും തിരഞ്ഞെടുപ്പ് അടുത്തതിനാൽ രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പ്രവേഷ് ശുക്ലയുടെ സഹോദരി ആരോപിച്ചു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ മകൻ ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യില്ലെന്നും പ്രവേഷ് ശുക്ലയുടെ പിതാവും പറഞ്ഞു..

പ്രവേഷ് ശുക്ല ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലും മൂത്രമൊഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇയാൾ ബിജെപി എംഎൽഎ കേദാർനാഥ് ശുക്ലയുടെ അടുത്ത അനുയായിയാണെന്ന് കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരേ വലിയ വിമർശനവും ഉയർന്നിരുന്നു. സംഭവം വലിയ വിവാദമായതോടെ ജൂലൈ 5 ചൊവ്വാഴ്ച രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ്.സി-എസ്.ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്…

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →