മുംബൈ: യഥാർഥ പാർട്ടി ഏതാണെന്നു തീരുമാനിച്ചശേഷമാകും എൻസിപിയിലെ ഇരുപക്ഷവും നൽകിയ കത്തുകളിൽ തീരുമാനമെടുക്കുകയെന്നു മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. മറുപക്ഷത്തുള്ളവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാറും അജിത് പവാറും നൽകിയ കത്തുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻസിപിയിൽ ഔദ്യോഗികമായി പിളർപ്പുണ്ടാകാത്ത സാഹചര്യത്തിൽ എനിക്ക് ആ പാർട്ടിയെ രണ്ടായി വിഭജിക്കാനാവില്ല. ആരാണ് എൻസിപിയെ പ്രതിനിധാനം ചെയ്യുന്നതെന്നാണ് ആദ്യം തീരുമാനമെടുക്കേണ്ടത്. വൈകാതെ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ബിജെപി- ശിവസേന സർക്കാരിൽ മന്ത്രിമാരായ അജിത് പവാർ ഉൾപ്പെടെ ഒമ്പതു പേരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ സ്പീക്കർക്കു കത്തു നൽകിയിരുന്നു. പുതിയ നിയമസഭാ കക്ഷി നേതാവായി അജിത് പവാറിനെ തെരഞ്ഞെടുത്തെന്ന് അജിത് വിഭാഗവും കത്തു നൽകിയിട്ടുണ്ട്.
അതേസമയം, പാർട്ടിയുടെ നിയന്ത്രണം ഉറപ്പാക്കാൻ ഇരുവിഭാഗങ്ങളും ഗ്രൂപ്പുയോഗങ്ങൾ ആരംഭിച്ചു. യശ്വന്ത് റാവു ചവാൻ സെന്ററിൽ ശരദ് പവാറിന്റെ അധ്യക്ഷതയിൽ നേതൃയോഗം ചേർന്നപ്പോൾ ബാന്ദ്രയിലെ ഭുജ്ബൽ നോളജ് സിറ്റിയിലായിരുന്നു അജിത് പവാർ ഗ്രൂപ്പിന്റെ യോഗം. 53 എംഎൽഎമാരിൽ 40 പേർ തനിക്കൊപ്പമെന്നാണ് അജിത്തിന്റെ വാദം. രാജ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുന്നോട്ടുപോകുകയാണെന്നും മോദിയെപ്പോലെ മറ്റൊരു നേതാവില്ലെന്നും അജിത് പറഞ്ഞു. പുതുതായി സ്ഥാനമേറ്റ മന്ത്രിമാരുടെ വകുപ്പുകൾ ഉടൻ പ്രഖ്യാപിക്കില്ലെന്നും അജിത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം പ്രമാണിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നാഗ്പുരിലാണ്. ഇവർ തിരികെയെത്തിയശേഷമേ തീരുമാനമുണ്ടാകൂ എന്നും അജിത്. അതേസമയം, താൻ നേതൃത്വം നൽകുന്ന വിഭാഗത്തിനു മാത്രമേ തന്റെ ചിത്രം ഉപയോഗിക്കാൻ അവകാശമുള്ളൂ എന്നു ശരദ് പവാർ പ്രഖ്യാപിച്ചു.
ഇതിനിടെ, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ 04/07/23 ചൊവ്വാഴ്ച ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗം പ്രതിപക്ഷ നേതൃത്വം ആവശ്യപ്പെടാൻ തീരുമാനമെടുത്തില്ല. ഇക്കാര്യത്തിൽ കാത്തിരിക്കാനാണു തീരുമാനം. ശരദ് പവാറിനും ഉദ്ധവ് താക്കറെയ്ക്കുമൊപ്പം സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കാനും കോൺഗ്രസ് തീരുമാനിച്ചു.

