ന്യൂഡൽഹി: ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ ജൂലൈ 9 വരെ കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ബുധനാഴ്ച മുതൽ മുതൽ വ്യാഴാഴ്ച വരെ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെയും ജൂലൈ 7 മുതൽ ജൂലൈ 9 വരെ വടക്കൻ കേരളത്തിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ജൂലൈ 9 വരെ ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും,ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, മധ്യ -കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം അതിനോട് ചേർന്ന തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായും പ്രവചിച്ചിട്ടുണ്ട്.

