കട്ടപ്പന : ഒപ്പം താമസിച്ചിരുന്ന യുവതിയുടെ പഴ്സിൽ രാസലഹരിയായ എംഡിഎംഎ ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉപ്പുതറ കണ്ണംപടി പണത്തോട്ടത്തിൽ ജയൻ രാജപ്പൻ (38) ആണു പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മേരികുളം സ്വദേശി മഞ്ജുവിനെയാണു (40) കേസിൽ കുടുക്കാൻ ശ്രമിച്ചത്.
എക്സൈസ് പറയുന്നത്: രണ്ടുകുട്ടികളുടെ മാതാവായ മഞ്ജു ഭർത്താവുമായി അകന്നാണു കഴിയുന്നത്. വിവാഹിതനായ ജയനുമായി സമൂഹമാധ്യമത്തിലൂടെ ആറുമാസം മുൻപു പരിചയത്തിലായി. രണ്ടുമാസത്തോളമായി പൊൻകുന്നത്തെ വാടകവീട്ടിലാണ് ഒരുമിച്ചു താമസിക്കുന്നത്. 2023 ജൂലൈ 2 ഞായറാഴ്ച വൈകിട്ട് കട്ടപ്പനയിൽ എത്തിയ ഇരുവരും ഐശ്വര്യ ജംക്‌ഷനിലെ ലോഡ്ജിൽ മുറിയെടുത്തു. തിങ്കളാഴ്ച രാവിലെ ബാഗ് വാങ്ങാനെന്നു പറഞ്ഞു യുവതിയുടെ പഴ്സിൽ നിന്നു 2000 രൂപയുമെടുത്ത് ജയൻ പുറത്തേക്കു പോയി. അതിനിടെ യുവതിയുടെ മൊബൈൽ ഫോണും കൈക്കലാക്കി.
തുടർന്ന് ഇയാൾ എക്സൈസ് ഓഫിസിലേക്കു വിളിച്ച് എംഡിഎംഎയുമായി യുവതി ലോഡ്ജിൽ താമസിക്കുന്നതായി വിവരം നൽകി. ഉദ്യോഗസ്ഥർ ലോഡ്ജിലെത്തി യുവതിയുടെ പഴ്സ് പരിശോധിച്ചപ്പോൾ 300 മില്ലിഗ്രാം എംഡിഎംഎ കണ്ടെത്തി. പഴ്സിൽ നിന്നു കണ്ടെത്തിയ വസ്തു എന്താണെന്ന് അറിയില്ലെന്നും ഒപ്പമുണ്ടായിരുന്ന ജയൻ പുറത്തേക്കു പോയതാണെന്നും യുവതി മൊഴി നൽകി. എക്സൈസിനു വിവരം നൽകിയ വ്യക്തിയും ജയൻ എന്ന പേരു പറഞ്ഞിരുന്നതിനാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇയാൾക്കായി അന്വേഷണം തുടങ്ങി. ഗാന്ധിസ്ക്വയറിനു സമീപത്തുനിന്നു പിടികൂടി ചോദ്യം ചെയ്തപ്പോഴാണു യുവതിയെ കുടുക്കാനായി ചെയ്തതാണെന്ന് ഇയാൾ മൊഴി നൽകിയത്. മഞ്ജുവിനെ ഒഴിവാക്കാനാണു ജയൻ സംഭവം ആസൂത്രണം ചെയ്തതെന്നാണ് എക്സൈസ് പറയുന്നത്.
എക്സൈസ് ഇൻസ്പെക്ടർ പി.കെ.സുരേഷ്, ഓഫിസർമാരായ അബ്ദുൽ സലാം, സജിമോൻ ജി.തുണ്ടത്തിൽ, എം.സി.സാബുമോൻ, പി.കെ.ബിജുമോൻ, ഷീന തോമസ്, കെ.ജെ.ബിജി എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്. ജയൻ നേരത്തേ കഞ്ചാവുകേസിൽ പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

